sri-lanka

കൊളംബോ : ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പത്ര അച്ചടിയ്ക്ക് ആവശ്യമായ പേപ്പറുകളുടെ ക്ഷാമത്തെ തുടർന്ന് രണ്ട് ശ്രീലങ്കൻ ദിനപത്രങ്ങൾ പ്രിന്റ് എഡിഷനുകൾ താത്കാലികമായി നിറുത്തി.

തങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ' ദ ഐലൻഡ് ", ഇതിന്റെ സിംഗള പതിപ്പായ ' ദിവൈന " എന്നിവയുടെ പ്രിന്റ് എഡിഷനുകൾ പേപ്പർ ക്ഷാമത്തെ തുടർന്ന് താത്കാലികമായി നിറുത്തുകയാണെന്നും ഓൺലൈൻ പതിപ്പുകൾ തുടരുമെന്നും ഉടമസ്ഥരായ സ്വകാര്യ കമ്പനി ഉപാലി ന്യുസ്പേപ്പഴ്സ് അറിയിച്ചു. ന്യൂസ് പ്രിന്റ് വില കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നിരട്ടിയായതും ഇറക്കുമതിയിലെ ബുദ്ധിമുട്ടും പരിഗണിച്ച് രാജ്യത്തെ മറ്റ് പ്രധാന ദിനപത്രങ്ങൾ പേജുകൾ കുറയ്ക്കുകയാണ്.

അതേ സമയം, ഇന്ധന ക്ഷാമത്തിൽ വലയുന്ന ശ്രീലങ്കയ്ക്ക് 40,000 ടൺ ഡീസൽ നൽകുമെന്ന് ഇന്ത്യ അറിയിച്ചു. ശ്രീലങ്കയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യൻ ഓയിൽ കോർപറേഷൻ 40,000 ടൺ ഡീസൽ വൈകാതെ ശ്രീലങ്കയ്ക്ക് കൈമാറും. 500 മില്യൺ ഡോളർ ലൈൻ ഒഫ് ക്രെഡിറ്റിനാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നൽകുന്നത്.