kk

കണ്ണർ: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരായി നടത്തുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പ്രചാരണ പരിപാടിയുമായി സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ' കെ റെയിൽ വരണം, കേരളം വളരണം' എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ വീടുകളിൽ കയറി പ്രചാരണം നടത്താനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം.

സിൽവർലൈൻ പദ്ധതിയെ കുറിച്ച് വീടുകളിൽ കയറിയിറങ്ങി ബോധവത്‌കരണം നടത്തുമെന്നും നഷ്ടപരിഹാര തുക അടക്കമുള്ള കാര്യങ്ങളിൽ അവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു.കണ്ണൂർ ജില്ലയിൽ വീടുകളിൽ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ പറയുന്ന ലഘുലേഖകൾ വിതരണം ചെയ്തു. കെ റെയിൽ സിൽവർ ലൈൻപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന്റെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഷാജർ, സംസ്ഥാന കമ്മിറ്റി അംഗം മനു തോമസ് എന്നിവർ പങ്കെടുത്തു.

അതേസമയം, കെ റെയിൽ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ടാവാം. അത് സർക്കാർ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവേ താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സർവേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സർവേ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.ഔദ്യോഗികമായി സർവേ നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ നൽകുന്ന വിശദീകരണം.