tharoor

തിരുവനന്തപുരം: പാർലമെന്റിലെ മന്ത്രിമാരുടെ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ പ്രകീർ‌ത്തിക്കുന്നതിനെ വിമർശിച്ച് ശശി തരൂർ എം.പി. ഒരു കാര്യം അധികാരത്തിലുള‌ള മന്ത്രിയ്‌ക്ക് പറയാനാണ് പ്രധാനമന്ത്രിയെ പ്രകീർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇന്ത്യ മറ്റൊരു വടക്കൻ കൊറിയയായി മാറുകയാണെന്ന് സംശയിക്കുന്നതായാണ് ശശി തരൂർ അഭിപ്രായപ്പെടുന്നത്.

കോൺഗ്രസ് നേതൃത്വത്തെ നവീകരിക്കണമെന്നും രാജ്യത്തെ മറ്റ് വിഷയങ്ങളിൽ ക്രിയാത്മക പ്രതികരണവുമായി ശശി തരൂർ അടുത്തിടെ രംഗത്തുവന്നിരുന്നു. ഇതിനൊപ്പം സിപിഎം 23ാം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ അദ്ദേഹത്തെയും കെ.വി തോമസിനെയും ക്ഷണിച്ചത് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. തന്നെ ആരും വിലക്കിയിട്ടില്ലെന്നും പാർട്ടിക്കൊപ്പമാണ് താനെന്നുമായിരുന്നു ഇതിന് തരൂരിന്റെ മറുപടി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് പാർലമെന്റിൽ ഉന്നയിച്ചതും തരൂർ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്‌തിരുന്നു.

ശശി തരൂരിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ഈ പാർലമെന്റ് സെഷനിൽ നിന്ന് വ്യക്തമായ ഒരു കാര്യം ഈ സർക്കാരിലെ ഏതൊരു മന്ത്രിക്കും ഒരു വിഷയത്തെ കുറിച്ച് സംസാരിക്കണമെങ്കിൽ പ്രധാനമന്ത്രിയെ പ്രകീർത്തിക്കാതെ പറ്റില്ല എന്നായി മാറിയിട്ടുണ്ട്. അധികാരസ്ഥാനത്തുള്ളവർക്ക് സ്തുതി പാടുന്ന കാര്യത്തിൽ നമ്മൾ മറ്റൊരു വടക്കൻ കൊറിയയായി രൂപാന്തരം പ്രാപിക്കുന്നുണ്ടോ എന്നൊരു സംശയം!