blood

ആംസ്റ്റർഡാം : ലോകത്താദ്യമായി മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് ( അതിസൂഷ്മ പ്ലാസ്റ്റിക് കണങ്ങൾ ) മലിനീകരണം കണ്ടെത്തി. പഠന വിധേയമായ 22 പേരിൽ 80 ശതമാനം (17 പേർ ) പേരുടെ രക്തത്തിലും സൂഷ്മ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

ഇവയ്ക്ക് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്ക് സഞ്ചരിക്കാനും കഴിയും. ഇവ അവയവങ്ങളിലേക്കും പ്രവേശിക്കാം. എന്നാൽ, ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ വ്യക്തതയില്ല. മൈക്രോപ്ലാസ്റ്റികിന് ലാബുകളിലെ മനുഷ്യ കോശങ്ങൾക്ക് തകരാറുണ്ടാക്കാനാകുമെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു.

പിഇടി, പൊളിസ്റ്റൈറീൻ, പൊളിത്തീൻ തുടങ്ങിയ പ്ലാസ്റ്റിക് അംശങ്ങളാണ് രക്ത സാമ്പിളുകളിൽ കണ്ടെത്തിയത്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിലുള്ള വ്രിയേ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ആശങ്കാജനകമായ ഈ കണ്ടെത്തലിന് പിന്നിൽ. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം.