
തിരുിവനന്തപുരം : കെ റെയിലിനായി ജൈക്കയിൽ (ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി) നിന്നുള്ള വായ്പ പദ്ധതി ചെലവിന്റെ 29 ശതമാനം മാത്രമാണെന്നും ഏതെങ്കിലും കമ്പനികളല്ല ജൈക്ക എന്ന ജപ്പാൻ ബാങ്കാണ് വായ്പ തരുന്നതെന്നും കെ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ വ്യക്തമാക്കി . എ.ഡി.ബി എ.ഐ.ഐ.ബി പോലുള്ള മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത രീതിയിലായിരിക്കും പദ്ധതിയെന്നും കെ റെയിൽ അധികൃതർ പറഞ്ഞു.
ഇന്ത്യൻ ഗവണ്മെന്റും ജപ്പാൻ ഗവണ്മെന്റും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ജൈക്കയിൽ നിന്നുള്ള പദ്ധതി വായ്പകൾ സ്വകരിക്കുന്നത്. ജൈക്കയിൽനിന്ന് 18,892.5 കോടി രൂപ മാത്രമാണ് വായ്പ എടുക്കുന്നതെന്നും അവർ വ്യക്തമാക്കി. അതിവേഗ റെയിൽ കോറിഡോറിനു വേണ്ടി നേരത്തെ ജൈക്കയിൽനിന്ന് വായ്പ എടുക്കാൻ ഉദ്ദേശിച്ചിരുന്നത് പദ്ധതി ചെലവിന്റെ 80 ശതമാനത്തോളം ആയിരുന്നുവെന്ന് ഓർക്കണമെന്നും ജപ്പാനിൽനിന്ന് വായ്പയെടുക്കാൻ വേണ്ടിയാണ് സ്റ്റാൻഡേർഡ് ഗേജിൽ സിൽവർലൈൻ നിർമിക്കുന്നതെന്ന വാദം ശരിയല്ലന്നും മിക്ക രാജ്യങ്ങളും അവരുടെ ഉയർന്ന വേഗതയുള്ള ലൈനുകൾക്ക് സ്റ്റാൻഡേർഡ് ഗേജാണ് ഉപയോഗിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.