
കൊച്ചി: ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുളള ഭാരത് പെട്രോളിയത്തിലെ തൊഴിലാളി സംഘടനകളുടെ തീരുമാനത്തിന് തിരിച്ചടി. സിഐടിയു, ഐഎൻടിയുസി അടക്കം അഞ്ച് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ ഭാരത് പെട്രോളിയം സമർപ്പിച്ച ഹർജിയിൽ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. പണിമുടക്കുണ്ടായാൽ പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഇന്ധനം എത്തിക്കാനാകില്ലെന്ന ഭാരത് പെട്രോളിയത്തിന്റെ ആശങ്കയിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഈ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിൽ ഭാരത് പെട്രോളിയത്തിൽ ഇന്ധനവിതരണം തടസപ്പെടരുതെന്ന് വിധിച്ചിട്ടുമുണ്ട്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പുതിയ തൊഴിൽ നയത്തിനുമെതിരെയുമാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും മാർച്ച് 28, 29 തീയതികളിൽ പണിമുടക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. പണിമുടക്ക് ദിവസം ഉദ്യോഗസ്ഥർക്ക് ഡയസ് നോൺ ഏർപ്പെടുത്താനും ഹാജർ നിർബന്ധമാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.