11

തൃക്കാക്കര: മാലിന്യ സംസ്കരണത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതിന് തൃക്കാക്കര നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് 4.11 കോടി രൂപ പിഴചുമത്തി. 15 ദിവസത്തിനകം തുക കെട്ടിവയ്ക്കണം. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശാനുസരണം 2016ലെ ഖരമാലിന്യ സംസ്‌കരണ നിയമപ്രകാരമാണ് നടപടി.

സെപ്തംബർ 11ന് തൃക്കാക്കര നഗരസഭാ സെക്രട്ടറി ചീഫ് എൻവയോൺമെന്റൽ എൻജിനിയർ, റീജിയണൽ ഓഫീസ് എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ യോഗത്തിൽ ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. നഗരസഭ നൽകിയ റിപ്പോർട്ട് തൃപ്തികരമമായിരുന്നില്ല. തൃക്കാക്കരയിൽ അജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിലും വീഴ്ചയുണ്ടായി. നഗരസഭ മലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയ റിപ്പോർട്ടിൽ 40 ശതമാനം വീടുകളിലും 45 ശതമാനം സ്ഥാപനങ്ങളിലും മാത്രമേ മാലിന്യശേഖരണമുള്ളൂ. വാർഡുകളിൽ നിന്ന് കൃത്യമായി മാലിന്യം ശേഖരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ നഗരസഭ സൗകര്യം ഒരിക്കിയിരുന്നില്ല. ഭക്ഷ്യ മാലിന്യങ്ങൾ നഗരസഭ ബ്രഹ്മപുരം പ്ലാന്റിലാണ് സംസ്കരിക്കുന്നത്.