
ബീജിംഗ് : തിങ്കളാഴ്ച ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് 132 പേരുമായി തകർന്നു വീണ ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനത്തിന്റെ ഒരു ഭാഗം ആകാശത്ത് വച്ച് പിളർന്നിരിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്.
വിമാനത്തിന്റേതെന്ന് കരുതുന്ന ഒരു ഭാഗം അപകട സ്ഥലത്തിന് 10 കിലോമീറ്റർ അകലെ നിന്ന് ലഭിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം, വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായി ( ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ ) തെരച്ചിൽ തുടരുകയാണ്. രണ്ടാം ബ്ലാക് ബോക്സ് ഇന്നലെ ലഭിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബുധനാഴ്ച ലഭിച്ചിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 01.11 ഓടെ കുൻമിംഗിൽ നിന്ന് ഗ്വാംഗ്‌ഷൂവിലേക്ക് തിരിച്ച വിമാനം 2.22ന് ശേഷം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ചൈനീസ് ഭരണകൂടം നൽകുന്ന വിവരം.