
ന്യൂയോർക്ക്: വൻകരകൾക്കപ്പുറം നാശം വിതക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -17 ആണ് ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മേൽനോട്ടത്തിൽ വിജയകരമായി പരീക്ഷിച്ചത്.2017 ന് ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യത്തെ ഐസിബിഎം പരീക്ഷണം കൂടിയാണിത്. പുതിയ ഭൂഖണ്ഡാന്തര മിസൈൽ ജപ്പാന്റെ കിഴക്കൻ കടലിന്റെ ഒരു ഭാഗത്ത് പതിച്ചുവെന്നാണ് റിപ്പോർട്ട്.
ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ പങ്കെടുത്ത വിക്ഷേപണം മാർച്ച് 24 വ്യാഴാഴ്ചയാണ് നടന്നത്. ജപ്പാന്റെ കിഴക്കൻ കടലിൽ കൃത്യമായി വീഴ്ത്തുന്നതിൽ വിജയിച്ചുവെന്ന് പറയുന്നതിനപ്പുറം മിസൈൽ എവിടെയാണ് പതിച്ചതെന്ന് ഉത്തര കൊറിയൻ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. അയൽ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ലംബമായി പരീക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ കടലിലെ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ജാപ്പനീസ് അധികൃതർ പറഞ്ഞു.
This is also the first time we have seen #NorthKorea launch any ICBM directly from a TEL (Transporter Erector Launcher), for previous Hwasong-14 & 15 launches the stand was detached so as not to risk their precious few Chinese origin TEL. pic.twitter.com/31TgOkfBYd
— Joseph Dempsey (@JosephHDempsey) March 24, 2022
മിസൈലിന്റെ വിക്ഷേപണ വീഡിയോ നോർത്ത് കൊറിയ ടി.വി പുറത്തുവിട്ടിട്ടുണ്ട്. ഭീമാകാരമായ മിസൈലിനൊപ്പം ലെതർ ജാക്കറ്റും, സൺഗ്ലാസും ധരിച്ചെത്തുന്ന കിം ജോംഗ് ഉന്നാണ് വീഡിയോയിലെ ആകർഷണം. സിനിമകളിലെ രംഗത്തിന് സമാനമായാണ് മിസൈൽ വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഹ്വാസോംഗ്-17 എന്ന ഭീമാകാരമായ ഐ.സി.ബി.എം ആദ്യമായി 2020 ഒക്ടോബറിൽ അനാച്ഛാദനം ചെയ്തിരുന്നു.
അപകടകാരിയെന്ന അർത്ഥത്തിൽ 'മോൺസ്റ്റർ മിസൈൽ' എന്നാണ് ഹ്വാസോംഗ് -17 പൊതുവെ വിളിക്കപ്പെടാറുള്ളത്. കഴിഞ്ഞ വർഷം നടന്ന സൈനിക പരേഡിൽ ഉത്തര കൊറിയ മിസൈൽ പ്രദർശിപ്പിച്ചിരുന്നു. 9,320 മൈൽ(ഏകദേശം 15,000 കി.മീറ്റർ) ദൂരപ്രദേശത്തുവരെ നാശംവിതക്കാൻ ഈ മിസൈലിനാകും. സാധാരണനിലയിൽ ഉത്തര കൊറിയയിലെ താവളത്തിൽനിന്ന് വിക്ഷേപിച്ചാൽ അമേരിക്കയിലെത്തും. ഉത്തര കൊറിയയുടെ അവകാശവാദമനുസരിച്ച് യു.എസ് നഗരങ്ങള്‍ വരെ ചാരമാക്കാന്‍ ഒറ്റ മിസൈല്‍ കൊണ്ടാകും. പരീക്ഷണത്തിൽ 1,090 കി.മീറ്റർ ഉയരത്തിലും 6,248 ദൂരത്തിലും മിസൈൽ പറന്നെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.