ukraine-russia

കീവ്: യുക്രയിൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും കഴിയുമ്പോഴാണ് പ്രഖ്യാപനം. യുക്രെയിന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നാണ് റഷ്യയുടെ അവകാശവാദം. മരിയുപോളിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്.

ഡോൺബാസ് മേഖലയുടെ മോചനത്തിനായി കേന്ദ്രീകരിക്കുമെന്ന് റഷ്യൻ സേന വ്യക്തമാക്കി. ഫെബ്രുവരി 24നാണ് യുക്രെയിൻ-റഷ്യ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ തങ്ങളുടെ 1,351 സൈനികർ കൊല്ലപ്പെട്ടതായും 3,825 സൈനികർക്ക് പരിക്കേറ്റെന്നും റഷ്യൻ സേന വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, 16,000 ത്തിലേറെ റഷ്യൻ സൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നാണ് യുക്രെയിന്റെ അവകാശവാദം. അധിനിവേശ ശക്തികൾക്ക് രാജ്യം ശക്തമായ പ്രഹരമേകിയെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കി പ്രതികരിച്ചു. അലയൊടുങ്ങുന്നില്ലെന്നും സെലൻസ്‌കി വ്യക്തമാക്കി. സമാധാന ചർച്ചകളിൽ പ്രതീക്ഷയില്ലെന്നും ഇതുവരെ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി അറിയിച്ചു.