
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടിയത്. നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർദ്ധന പുനരാരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയിലധികമാണ് കൂട്ടിയത്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107 രൂപ 65 പൈസയും ഡീസലിന് 94 രൂപ 72 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരുലിറ്റർ പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. വരും ദിവസങ്ങളിലും വില വർദ്ധിക്കുമെന്നാണ് സൂചന.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാലര മാസമായി ഇന്ധനവില കൂട്ടിയിരുന്നില്ല. 2021 നവംബറിൽ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർദ്ധനവ് വരുത്തിയത്. എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടായേക്കും. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർദ്ധിപ്പിച്ചിരുന്നു. എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂട്ടിയത്.