
കാസർകോട്: വടക്കൻ കേരളത്തിൽ ആചാരത്തിന്റെ പേരിൽ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷാണ് പൊലീസിൽ പരാതി നൽകിയത്. സ്വന്തം ഇല്ലത്തിലെ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് യുവാവിന് വിലക്കേർപ്പെടുത്തിയതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
അജാന്നൂർ ക്ഷേത്ര ഭാരവാഹികളാണ് പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നതിൽ നിന്ന് പ്രിയേഷിനെ വിലക്കിയത്. ഇത് സമുദായ തീരുമാനമാണെന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിശദീകരണം. തറവാട്ടുവളപ്പിൽ നടന്ന സംസ്‌കാര ചടങ്ങിൽ പ്രിയേഷിന് പകരം പിതാവിന്റെ സഹോദര പുത്രനാണ് അന്ത്യകർമം ചെയ്തത്. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സമുദായ അധികാരികളിൽ നിന്ന് മകന് നേരിടേണ്ടിവന്നത് പൊറുക്കാനാകാത്ത ക്രൂരതയാണെന്ന് പ്രിയേഷിന്റെ മാതാവ് കുമാരി പറഞ്ഞു.
മകൻ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചതിന് നേരത്തെ കരിവള്ളൂരിൽ പൂരക്കളി കലാകാരനെ വിലക്കിയിരുന്നു. പൂരക്കളി കലാകാരനായ വിനോദ് പണിക്കർക്ക് കുണിയൻ ഭഗവതി ക്ഷേത്ര കമ്മിറ്റിയാണ് വിലക്കേർപ്പെടുത്തിയത്. വിനോദ് പണിക്കരെ മുൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും മാറ്റി, പകരം മറ്റൊരു കലാകാരനെ വച്ച് പൂരക്കളി നടത്തുകയായിരുന്നു.