yogi-government-

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ജയത്തിന് പിന്നാലെ തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ മുഖ്യാഥിതിയായി. 37 വർഷത്തിനിടെ ആദ്യമായാണ് ഉത്തർപ്രദേശിൽ ഇത്തരത്തിൽ ഒരു മുഖ്യമന്ത്രി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്.

2024 പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണതലത്തിലും പ്രചാരണത്തിലുമെല്ലാം വ്യക്തമായ അഴിച്ചുപണി നടത്തിയിരിക്കുകയാണ് ബി ജെ പി. പരമ്പരാഗതമായി ബ്രാഹ്മണരും ഠാക്കൂറുമാരുമായിരുന്നു ബി ജെ പിയുടെ പ്രധാന വോട്ട് ബാങ്ക്. എന്നാൽ ഇത്തവണ ദളിതരെയും ഭൂമിഹാറുകളെയും ജാട്ടുകളെയും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള മുന്നൊരുക്കൾ പാർട്ടി തലപ്പത്ത് ആരംഭിച്ചു കഴിഞ്ഞു.

പാർട്ടി ഉയർന്ന ജാതിക്കാർക്ക് മുൻതൂക്കം നൽകുന്നുവെന്ന് കളങ്കം മായ്ക്കുവാൻ ഇത്തവണ മന്ത്രിസഭയിൽ തന്നെ വൻതോതിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുൾപ്പടെ 21 പേർ സവർണജാതിക്കാരും, 20 പേർ ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്നവരുമാണ്. കൂടാതെ ഒൻപത് ദളിതരും പുതിയ മന്ത്രിസഭയിലുണ്ട്. മുസ്‌ലിം, സിഖ്, പഞ്ചാബി സമുദായങ്ങളിൽ നിന്ന് മൂന്ന് പേരും ഭരണകൂടത്തിൽ ഉൾപ്പെടുന്നു. മാത്രമല്ല യാദവ ജാതിയിലുള്ളവരുടെയും ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

മുന്നാക്കജാതിക്കാർ

രണ്ടാം യോഗി സർക്കാരിലെ 21 മന്ത്രിമാരിൽ ഏഴ് പേർ ബ്രാഹ്മണരും, മൂന്ന് പേർ വൈശ്യരും, മുഖ്യമന്ത്രിയുൾപ്പടെ എട്ട് പേർ ഠാക്കൂരുമാണ്. കയസ്‌ത, ഭൂമിഹർ എന്നീ ജാതിയിലുൾപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ബ്രാഹ്മിണ സമുദായത്തിൽ നിന്നുള്ള മന്ത്രിമാരിൽ മൂന്ന് പേർ ക്യാബിനറ്റിലും, ഒരാൾക്ക് സ്വതന്ത്ര ചുമതലയും മറ്റ് മൂന്ന് പേർ ജൂനിയർ മന്ത്രിമാരുമാണ്.

ഠാക്കൂറുമാരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്യാബിനറ്റ് മന്ത്രി ജയ് വീർ സിംഗ്, സ്വതന്ത്ര ചുമതലകളുള്ള മന്ത്രിമാരായ ജെ പി എസ് റാത്തോർ, ദയശങ്കർ സിംഗ്, ദിനേഷ് പ്രതാപ് എന്നിവരും ജൂനിയർ മന്ത്രിമാരായ ബ്രിജേഷ് സിംഗ്, മായങ്കേശ്വരം സിംഗ്, സോമേന്ദ്ര തോമർ എന്നിവരും ഉൾപ്പെടുന്നു.

വൈശ്യർ

വൈശ്യസമുദായത്തിൽ നിന്ന് മൂന്ന് മന്ത്രിമാരാണ് രണ്ടാം യോഗി സ‌ർക്കാരിലുള്ളത്. ഇവരിൽ നന്ദഗോപാൽ നന്തി ക്യാബിനറ്റ് മന്ത്രിയും നിതിൻ അഗ‌ർവാൾ, കപിൽ ദേവ് അഗർവാൾ എന്നിവർ ജൂനിയർ മന്ത്രിമാരുമാണ്. ഭൂമിഹാർ സമുദായത്തിൽ നിന്നുള്ള രണ്ട് പേർ ക്യാബിനറ്റ് മന്ത്രിമാരാണ്. കയസ്ത സമുദായത്തിൽ നിന്നുള്ള അരുൺ കുമാർ സ്കസേനയ്ക്ക് സ്വതന്ത്ര ചുമതലയാണ് നൽകിയത്.

പിന്നാക്ക വിഭാഗക്കാർ

രണ്ടാം മന്ത്രിസഭയിൽ 20 പേരാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളത്. ഇതിൽ ബി ജെ പിയുടെ സഖ്യകക്ഷികളായ അപ്നാ ദളിനും നിഷാദ് പാർട്ടിക്കും ഓരോ ക്യാബിനറ്റ് മന്ത്രി പദം വീതം നൽകി. ബി ജെ പിയുടെ ഒ ബി സി വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ കേശവ് പ്രസാദ് മൗര്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജിതനായെങ്കിലും രണ്ടാം തവണയും ഉപമുഖ്യമന്ത്രി പദം നൽകിയാണ് സ്വീകരിച്ചത്. കുർമി സമുദായത്തിൽ നിന്നും സ്വതന്ത്ര ദേവ് സിംഗിനും രാകേഷ് സച്ചനും ക്യാബിനറ്റ് പദവി നൽകി.

ജാട്ട് സമുദായത്തിൽ നിന്നുള്ള ലക്ഷ്മി നാരായൺ ചൗധരി, ഭൂപേന്ദ്ര സിംഗ് ചൗധരി എന്നിവർ ക്യാബിനറ്റ് മന്ത്രിമാരാണ്. രാജ്ഭർ സമുദായത്തിൽ നിന്നും അനിൽ രാജ്ഭർ, നിഷാദ് സമുദായത്തിൽ നിന്നും സഞ്ജയ് നിഷാദ്, ലോദ് സമുദായത്തിൽ നിന്നും ദരംപാൽ സിംഗ് എന്നിവരും മന്ത്രിസഭയിലുണ്ട്. ഒ ബി സി വിഭാഗത്തിൽ നിന്നുള്ള ആറ് പേർ ജൂനിയർ മന്ത്രിമാരാണ്. സ്വതന്ത്ര ചുമതല നൽകിയ മന്ത്രിമാർ ലോദ്, നിഷാദ്, യാദവ്, കുർമി, പ്രജാപതി, കൽവാർ എന്നീ സമുദായങ്ങളിൽ നിന്നുള്ളവരാണ്.

ദളിതർ

ഒൻപത് ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരിൽ ജാതവ് സമുദായത്തിൽ നിന്നുള്ള ബേബി റാണി മൗര്യയ്ക്ക് മാത്രമാണ് ക്യാബിനറ്റ് മന്ത്രിപദം നൽകിയത്.

മുസ്‌ലിം, സിഖ്, പഞ്ചാബി

യോഗി സർക്കാരിലെ പുതിയ മുസ്ലിം മുഖമാണ് ഡാനിഷ് ആസാദ് അൻസാരി. കഴിഞ്ഞ തവണ മന്ത്രിസഭയിലുണ്ടായിരുന്ന മൊഹസിൻ റാസയ്ക്ക് പകരമാണ് ബി.ജെ.പി യു പി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയായ അൻസാരിക്ക് നറുക്ക് വീണത്. സിെക് സമുദായത്തിൽ നിന്നുള്ള ഭൽദേവ് സിംഗ് അൗലഖിന് ജൂനിയർ മന്ത്രി പദവും പഞ്ചാബി സമുദായത്തിൽ നിന്നുള്ള സുരേഷ് ഖന്നയ്ക്ക് ക്യാബിനറ്റ് പദവിയുമാണ് നൽകിയത്.

ലക്നൗവിലെ എ.ബി.വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി കേശവ പ്രസാദ് മൗര്യയും ബ്രജേഷ് പഥകും സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, സുരേഷ് കുമാർ ഖന്ന, സൂര്യപ്രതാപ് ഷാഹി, ലക്ഷ്മി നാരായൺ ചൗധരി, ധരംപാൽ സിംഗ്, നന്ദ ഗോപാൽ ഗുപ്ത തുടങ്ങി 52 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരിൽ അഞ്ച് പേർ വനിതകളാണ്. പഴയ മന്ത്രിസഭയിലെ 21 പേർ വീണ്ടും മന്ത്രിമാരായി. 31 പേർ പുതുമുഖങ്ങളാണ്. അടുത്തിടെ കോൺഗ്രസിൽ നിന്നുമെത്തിയ രാഹുൽ ബ്രിഗേഡിൽ പെട്ട ജിതിൻ പ്രസാദയും കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിമാരിൽ 14 പേർ കാബിനറ്റ് റാങ്കുള്ളവരും 14 പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്.കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ധർമ്മേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി, വി.കെ സിംഗ്, അനുരാഗ് ഠാക്കൂർ, ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങി 85,000 ലധികം പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.