
കോട്ടയം: കോട്ടയം നട്ടാശ്ശേരിയിൽ കെ റെയിൽ സർവേ പുനരാരംഭിച്ചു. പന്ത്രണ്ടിടത്താണ് കല്ലിട്ടത്. സ്ഥലത്ത് വീണ്ടും പ്രതിഷേധമുണ്ടായി. കല്ല് നാട്ടുകാർ പിഴുതുമാറ്റി. തഹസിൽദാറെ തടഞ്ഞുവച്ചു. ജനവികാരത്തെ വെല്ലുവിളിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
'ഈ പദ്ധതിയെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാകണം. ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്. പുരയിടത്തിൽ കയറി ഉടമസ്ഥന്റെ അനുവാദമില്ലാതെ കല്ലിടുന്ന നടപടി നിയമവിരുദ്ധമാണ്. സർക്കാരിനോ റവന്യുവകുപ്പിനോ ഇതിനെക്കുറിച്ച് വ്യക്തത ഇല്ല.'-നാട്ടുകാർ പറഞ്ഞു.
ജില്ലയിലെ പ്രധാനപ്പെട്ട യു ഡി എഫ് നേതാക്കൾ സ്ഥലത്തേക്ക് തിരിച്ചെന്നാണ് സൂചന. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തും. പൊലീസ് സുരക്ഷയിലാണ് കല്ലിടുന്നത്. അതേസമയം കല്ലിടാൻ റവന്യുവകുപ്പ് നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ആരെയും ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച പ്രദേശത്ത് മൂന്ന് കല്ലുകളിട്ടിരുന്നു. ജനങ്ങൾ അപ്പോൾ തന്നെ കല്ലുകൾ പിഴുതെടുത്ത് തോട്ടിലേക്ക് എറിഞ്ഞിരുന്നു.