
ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പടെയുള്ള അവശ്യമരുന്നുകളുടെ വില കുത്തനെ ഉയരും. ഏപ്രിൽ മുതൽ മരുന്നുകളുടെ വിലയിൽ 10.7 ശതമാനം വർദ്ധനവുണ്ടാകുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ഒഫ് ഇന്ത്യ അറിയിച്ചു.
പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മർദ്ദം, ത്വക്ക് രോഗങ്ങൾ, വിളർച്ച തുടങ്ങിയ ഭൂരിഭാഗം രോഗങ്ങൾക്കുമുള്ള 800 മരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ 10.7 ശതമാനം വർദ്ധിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
വില വർദ്ധിക്കുന്ന മരുന്നുകളിൽ പാരസെറ്റമോൾ, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്‌ളോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോൾ തുടങ്ങിയ മരുന്നുകൾ ഉൾപ്പെടുന്നു.
രാജ്യത്ത് ഇന്ധന വില പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 50 രൂപ വർദ്ധിച്ചിരുന്നു. സ്വർണവിലയും ഇടയ്ക്കിടയ്ക്ക് കൂടുന്നുണ്ട്. ഇതിനുപിന്നാലെയാണ് മരുന്നുകളുടെ വിലയും വർദ്ധിക്കുന്നത്.