
ന്യൂഡൽഹി: ഇന്ത്യയുടെ ആയുധ കയറ്റുമതി മൂല്യം 2014 മുതൽ ആറിരട്ടി വർദ്ധിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. നടപ്പു സാമ്പത്തിക വർഷത്തിന്റെ കണക്കുകൾ പ്രകാരം 11,607 കോടിയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.
2014- 15 സാമ്പത്തിക വർഷത്തിൽ കയറ്റുമതി മൂല്യം 1,941 കോടി രൂപയായിരുന്നത് 2022 മാർച്ച് 21ഓടെ പതിനൊന്ന് കോടി രൂപയായി ഉയരുകയായിരുന്നു. പ്രതിരോധ സഹമന്ത്രിയായ അജയ് ഭട്ട് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചു. കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ കേന്ദ്രം നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.
യുദ്ധസാമഗ്രികളുടെ കയറ്റുമതിക്കായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ ലളിതമാക്കി. കയറ്റുമതി സാദ്ധ്യതകൾ പരിശോധിക്കുന്നതിനും ആഗോള ടെൻഡറുകളിൽ പങ്കെടുക്കുന്നതിനുമായി ഡി ആർ ഡി ഒയ്ക്കും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സി എം ഡികൾക്കും അധികാരം നൽകി. ഓർഡ്‌നൻസ് ഫാക്‌ടറി ബോർഡിന്റെ സ്വകാര്യവത്കരണവും അവരുടെ 41 ഫാക്‌ടറികളെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളായി മാറ്റുന്നതും കയറ്റുമതി വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2025ഓടെ കയറ്റുമതി മൂല്യം 36,500 കോടിയായി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഫിലിപ്പീൻസിലേക്ക് 2,770 കോടി രൂപയ്ക്ക് ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലുകൾ കയറ്റുമതി ചെയ്തതാണ് ഇന്ത്യയുടെ ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം. ബ്രഹ്മോസ് മിസൈലുകളുടെയും ആകാശ് വ്യോമ പ്രതിരോധ മിസൈലുകളുടെയും കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളുമായി ചർച്ചയിലാണ് കേന്ദ്രം ഇപ്പോൾ.