yogi

ലക്‌നൗ: രണ്ടാം യോഗി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് കഴിഞ്ഞ ദിവസമാണ്. 37 വർഷത്തിനിടെ ഉത്തർപ്രദേശിൽ ആദ്യമായി രണ്ടാം വട്ടം അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി സ്വന്തമാക്കി യോഗി ആദിത്യനാഥും സ്ഥാനം കൈയേറ്റു. രണ്ടാം യോഗി മന്ത്രിസഭയുടെ ആദ്യ സമ്മേളനം ഇന്ന് നടന്നു. മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തി യോഗി ആദ്യമായി നടപ്പിലാക്കിയത് സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നീട്ടുക എന്നതാണ്.

പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന ജൂൺ 30 വരെ നീട്ടാൻ തീരുമാനമായി. സംസ്ഥാനത്തെ 15 കോടി ജനങ്ങൾക്ക് ഇത് പ്രയോജനകരമാകുമെന്നും ലക്‌നൗവിൽ നടന്ന വാർത്താ സമ്മേളനത്തിൽ യോഗി അറിയിച്ചു. പദ്ധതിപ്രകാരം ഓരോ വീടിനും അഞ്ച് കിലോ ഭക്ഷ്യധാന്യം അധികമായി നൽകും. 2020ൽ കൊവിഡ് വ്യാപകമായിരുന്നപ്പോഴും സമാന രീതിയിൽ ധാന്യം വിതരണം ചെയ്തിരുന്നു.

लोक भवन, लखनऊ में आयोजित प्रेस-वार्ता में... https://t.co/AxsDcvjS5t

— Yogi Adityanath (@myogiadityanath) March 26, 2022

കഴിഞ്ഞ ദിവസം ലക്നൗവിലെ എ.ബി.വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുച്ചൊല്ലി തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേൽക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ മുഖ്യാഥിതിയായി.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ധർമ്മേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി, വി.കെ സിംഗ്, അനുരാഗ് ഠാക്കൂർ, ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങി 85,000 ലധികം പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.