uttar-pradesh

നോയിഡ: ഉത്തർപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് നാട്ടുകാർ ചേർന്ന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ഗ്രേറ്റർ നോയിഡയിലെ കനർസി ഗ്രാമത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നേപ്പാൾ സ്വദേശിയായ നങ്കുവാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി നങ്കു നരേഷ് എന്നയാളുടെ വീട്ടിൽ കടന്ന് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുടുംബം ഉണർന്നത് കണ്ട് ഇയാൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് അറിയിച്ചത്.

പൊലീസ് എത്തി പ്രതിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് നിർദേശിച്ചതനുസരിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് നങ്കു മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

നരേഷിനും ബന്ധുക്കൾക്കും നാട്ടുകാർക്കുമെതിരെ നങ്കുവിന്റെ സഹോദരൻ കൊലപാതക കുറ്റത്തിന് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നരേഷിനെ അറസ്റ്റ് ചെയ്യുകയും കോടതി വിധി പ്രകാരം ജയിലിലടക്കുകയും ചെയ്തു. നങ്കുവിന്റെ മരണത്തിൽ പങ്കുള്ള എല്ലാവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.