
ന്യൂഡൽഹി: വീൽച്ചെയറിലെത്തിയ എൺപതുകാരിയെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ വനിതാ കോൺസ്റ്റബിളിന് സസ്‌പെൻഷൻ. ഗുവാഹട്ടി വിമാനത്താവളത്തിലായിരുന്നു സംഭവം. ഇടുപ്പെല്ല് മാറ്റി വച്ച വയോധികയ്‌ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശപ്രകാരമാണ് കോൺസ്റ്റബിൾ മീരാദാസിനെ സിഐഎസ്എഫ് സസ്‌പെൻഡ് ചെയ്‌തത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ മെറ്റൽ ഡിറ്റക്ടർ ശബ്ദിച്ചതിനെ തുടർന്നാണ് വസ്ത്രമഴിക്കാൻ ഉദ്യോഗസ്ഥ പറഞ്ഞത്.
ശസ്ത്രക്രിയയ്‌ക്കിടെ ശരീരത്തിൽ ഘടിപ്പിച്ച ലോഹദണ്ഡാണ് ഡിറ്റക്ടർ ശബ്‌ദിക്കാൻ കാരണമായത്. തന്റെ അമ്മ നേരിട്ട ദുരനുഭവം മകൾ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വ്യാപകമായ പ്രതിഷേധം ഉയർന്നത്. തുടർന്ന് മാപ്പ് ചോദിച്ച വിമാനത്താവള അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.