
അടുത്തിടെ ആന്ധ്രയിലെ ഒരു ആറ് വയസുകാരൻ സ്‌കൂളിനടുത്തുണ്ടാകുന്ന ട്രാഫിക് കുരുക്കിന് പരിഹാരം തേടി പൊലീസ് സ്റ്റേഷനിലെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരത്തിൽ ഇടുക്കിയിൽ നിന്നുള്ള നാലാം ക്ലാസുകാരനായ ദേവനാഥ് പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. ഒരു നിവേദനവുമായിട്ടാണ് കുട്ടിയെത്തിയത്.
റോഡിലൂടെ ഗിയറുള്ള സൈക്കിൾ ഓടിക്കാൻ ലൈസൻസ് വേണമെന്നാണ് കുട്ടിയുടെ ആവശ്യം. ഹണി കോട്ടേജിൽ രാജേഷ്-ഗ്രീഷ്മ ദമ്പതികളുടെ മകനാണ് ദേവനാഥ്. മൂന്ന് മാസം മുൻപ് അമ്മാവന്മാരാണ് കുട്ടിയ്ക്ക് വിദേശനിർമ്മിതമായ ഗിയറുള്ള സൈക്കിൾ സമ്മാനം നൽകിയിരുന്നു. കാൽ എത്താതിരുന്നിട്ടും കഷ്ടപ്പെട്ട് പഠിച്ചെടുത്തു.
സൈക്കിളുമായി സ്‌കൂളിൽ പോകണമെന്ന് കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതോടെ ഇത് തടയാൻ ഗീഷ്മ ഒരു ഉപായം കണ്ടെത്തി, റോഡിലൂടെ ഗിയറുള്ള സൈക്കിളുമായി പോകണമെങ്കിൽ ലൈസൻസ് വേണമെന്ന് അവർ മകനോട് പറഞ്ഞു. തുടർന്ന് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ദേവനാഥ് പൊലീസ് സ്റ്റേഷനിലെത്തി.
ബുക്കിൽ നിന്ന് കീറിയെടുത്ത കടലാസിലാണ് അപേക്ഷ എഴുതിയത്. 'എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിലൂടെ സൈക്കിൾ ഓടിക്കാനുള്ള അനുവാദം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.'- എന്നായിരുന്നു നിവേദനത്തിലുണ്ടായിരുന്നത്. പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി, മിഠായി നൽകിയാണ് കുട്ടിയെ പൊലീസുകാർ യാത്രയാക്കിയത്.