
ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഒറ്റ ഷോട്ടിൽ ഒരു മുഴുനീള സിനിമയെന്ന ആശയം മുന്നോട്ടുവച്ചപ്പോൾ മലയാള സിനിമയിലെ പല നിർമ്മാതാക്കൾക്കും ആ പരീക്ഷണത്തോട് പൊരുത്തപ്പെടാനായില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു വന്ന തൃശ്ശൂര്‍ സ്വദേശിയായ ഷെബി ചൗഗട്ട് എന്ന സംവിധായകന്റെ ഭ്രാന്തൻ സ്വപ്നമെന്ന് പലരും കരുതിക്കാണണം.
എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയപ്പോൾ പിറന്നത് നിരൂപക പ്രശംസ നേടിയ ടൂറിസ്റ്റ് ഹോം എന്ന സിനിമ. മെഗാ മീഡിയ സ്റ്റുഡിയോ ഉടമയായ ജോൺ ജോസഫ് ഒരു സിനിമ നിർമ്മിക്കാൻ ആലോചിക്കുന്ന സമയമായിരുന്നു അന്ന്. അദ്ദേഹത്തോടുള്ള പരിചയംവച്ച് രണ്ട് കഥകൾ പറഞ്ഞു. ആദ്യത്തേത് ഒരു ടൂറിസ്റ്റ് ഹോമിലെ വിവിധ മുറികളിലെ ജീവിതങ്ങൾ പറയുന്ന ഒറ്റ ഷോട്ട് സിനിമയുടെ കഥ.
രണ്ടാമത്തേത് ഒരു ജുവലറിയുടെ നറുക്കെടുപ്പിൽ വിജയിയായതിനാൽ ഒരു പ്രശസ്ത മോഡലിനൊപ്പം ഒരു വീട്ടിൽ താമസിക്കാൻ അവസരം കിട്ടുന്ന യുവാവിന്റെ കഥയും. ആദ്യം ഒറ്റ ഷോട്ട് സിനിമ ചെയ്യാമെന്ന് ജോൺ ജോസഫ് സമ്മതിച്ചതോടെ മലയാളത്തിലെ വ്യത്യസ്തമായ പരീക്ഷണ സിനിമ പിറന്നു.
സംസ്ഥാനത്ത് ടൂറിസ്റ്റ് ഹോം സ്വീകരിക്കപ്പെട്ടില്ലെങ്കിലും ആറു വർഷം മുമ്പ് ചെന്നൈ വിടുതി എന്ന പേരിൽ ഒറ്റഷോട്ടിൽ റീമേക്ക് ചെയ്തപ്പോൾ തമിഴിൽ ഈ ചിത്രം ശ്രദ്ധ പിടിച്ചു പറ്റി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേതുൾപ്പടെ 32 ഫിലിം ഫെസ്റ്റുകളിൽ ചെന്നൈ വിടുതി പ്രദർശിപ്പിക്കപ്പെട്ടു.