
തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി സജി ചെറിയാൻ. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തുടർഭരണം ഏതുവിധേനയും ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ പശ്ചാത്തലത്തിലാണ് സമരം നടക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ശാരീരികമായും വ്യക്തിപരമായും ആക്ഷേപിച്ച് മാനസികമായി തകർക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായ വികസ പദ്ധതിയെ താറടിച്ചുകാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു.
കല്ലിടുന്ന സ്ഥലത്തെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. പരിഹരിച്ചുകൊണ്ടു മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ബി ജെ പിയും കോൺഗ്രസും കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘടനകളും ഒന്നിച്ച് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ എങ്ങനെ ദുർബലപ്പെടുത്താനും തകർക്കാനും കഴിയുമെന്നുള്ള പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.