
ബംഗളൂരൂ: മലയാളി മാദ്ധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് അനീഷ് രണ്ട് പ്രാവശ്യം ശ്രുതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മാസങ്ങൾക്ക് മുമ്പ് ഫ്ളാറ്റിൽ വച്ചാണ് രണ്ട് തവണ അനീഷ്, ശ്രുതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അന്ന് ശ്രുതിയെ കരച്ചിൽ കേട്ടെത്തിയ സുരക്ഷാജീവനക്കാരും അയൽക്കാരുമാണ് രക്ഷപ്പെടുത്തിയത്.
അതേസമയം, ഭർത്താവ് അനീഷിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീഷിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിന് പുറമേ ആന്ധ്രയിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
ശ്രുതിയുടെ മരണത്തിന് പിന്നാലെ അനീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. നിലവിൽ പ്രതി എവിടെയാണെന്ന കാര്യത്തിൽ അടുത്ത സുഹൃത്തുക്കൾക്കും സൂചന ലഭിച്ചിട്ടില്ല. ഭർതൃപീഡനമാണ് ശ്രുതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്നും പതിവായി കരച്ചിലും ബഹളവും കേട്ടിരുന്നതായി സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. പണത്തെ ചൊല്ലിയായിരുന്നു തർക്കം. അനീഷിന്റെ പീഡനം സഹിക്ക വയ്യാതെ ശ്രുതി എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുുണ്ട്.