
കൊൽക്കത്ത: ബിർഭൂം കൂട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം അരംഭിച്ചു. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
സംഭവം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തിയിട്ടുണ്ട്. ഡിഐജി അഖിലേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയത്. ന്യൂഡൽഹിയിൽ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുണ്ട്. ഇവരെയും കോടതി തന്നെയാണ് നിയോഗിച്ചത്.

തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംഭവസ്ഥലത്ത് നേരെത്തെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. കേസന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറരുതെന്ന് മമതാ ബാനര്‍ജി സര്‍ക്കാർ നേരത്തെ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിവിധി വന്നത്.
എട്ട് പേരെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ 21 പേരാണ് ഇതുവരെ അറസ്റ്റിലായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്കുള്ള പ്രതികാരമായിട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ അക്രമികൾ മര്‍ദിക്കുകയും ജീവനോടെ തീവയ്ക്കുകയുമായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുല്‍ ഹുസ്സൈൻ അടക്കമുള്ളവരാണ് പിടിയിലായത്. പിടിയിലായ പ്രതികളിൽ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനുഭാവികളാണ്.
അറസ്റ്റിലായ 21 പേരിൽ ഭാദു ഷെയ്ഖിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരും ഉള്‍പ്പെടുന്നുണ്ട്. ഭാദു ഷെയ്ഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മമത അധികാരത്തില്‍ വന്ന ശേഷം ഒരു കേസില്‍ ഇത്രയും തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്. പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്കുമെതിരെയും സിബിഐ കലാപ കുറ്റം ചുമത്തിയിട്ടുണ്ട്.