vithura

തിരുവനന്തപുരം: സന്ദർശകർ സ്ത്രീകളുടെ കുളിക്കടവിൽ നഗ്നരായി കുളിച്ചതിനെച്ചൊല്ലി നാട്ടുകാരും റിസോർട്ട് ഉടമകളും തമ്മിൽ സംഘർഷം. റിസോർട്ടിൽ താമസിക്കാനെത്തിയവർ കുളിക്കടവിൽ കുളിച്ചത് നാട്ടുകാരൻ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. വിതുരയിലാണ് സംഭവം നടന്നത്.

വിതുര ചെറ്റച്ചൽ ആറിന്റെ കരയിലായി ഒരു വർഷമായി റിസോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഇന്നലെ വൈകിട്ട് റിസോർട്ടിലെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർ മദ്യപിച്ച് നഗ്നരായി ആറിൽ കുളിക്കാനിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം.

സ്ത്രീകളുടെ കുളിക്കടവിൽ പുരുഷൻമാർ നഗ്നരായി കുളിക്കുന്നത് കണ്ട നാട്ടുകാരനായ സന്തോഷ് ഇത് ചോദ്യം ചെയ്തു. പിന്നാലെ സന്ദർശനത്തിനെത്തിയവരും സന്തോഷും തമ്മിൽ വാക്കുതർക്കമായി. വാക്കുതർക്കം കയ്യാങ്കളിയിലെത്തുകയും വിവരമറിഞ്ഞ് മറ്റ് നാട്ടുകാർ കൂടിയെത്തിയതോടെ സംഘർഷം കടുക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

അടിപിടിയിൽ നാട്ടുകാരായ രണ്ടുപേർക്ക് പരിക്കേറ്റു. റിസോർട്ട് ഉടമയ്ക്കും സന്ദർശനത്തിനെത്തിയവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ നാട്ടുകാരായ സ്ത്രീകളെ ഉൾപ്പടെ മർദിച്ചതായും പരാതി ഉയർന്നു. മുൻപ് ആറിലെ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന രീതിയിൽ ക്യാമറ സ്ഥാപിച്ചുവെന്ന പേരിലും റിസോർട്ട് ഉടമയും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.