
ചെന്നൈ: 17കാരനായ പ്ലസ് വൺ വിദ്യാർത്ഥി 26കാരിയായ തന്റെ അദ്ധ്യാപികയുമായി ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു. തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളിയിൽ നടന്ന സംഭവത്തിൽ അദ്ധ്യാപിക ഷർമിളയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. മാർച്ച് അഞ്ചിനാണ് വിദ്യാർത്ഥിയേയും അദ്ധ്യാപികയേയും സ്കൂളിൽ നിന്ന് കാണാതാകുന്നത്. ഇതിനെതുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിപ്രകാരം കേസെടുത്ത പൊലീസ് പിന്നീട് കുറ്റം പോക്സോ ആയി രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്.
പൊലീസ് പറയുന്നതനുസരിച്ച് വിദ്യാർത്ഥിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാർത്ഥിയെ അവസാനമായി കണ്ടത് സ്കൂളിൽ വച്ചാണെന്നും അന്നേദിവസം തന്നെ സ്കൂളിലെ അദ്ധ്യാപികയായ ഷർമിളയേയും കാണാതായെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ വിദ്യാർത്ഥിയും അദ്ധ്യാപികയും അടുപ്പത്തിലായിരുന്നെന്നും ഇരുവരുടെയും ഫോണുകൾ ഒരേസമയം സ്കൂളിൽ വച്ച് സ്വിച്ച് ഓഫ് ആകുകയുമായിരുന്നെന്ന് കണ്ടെത്തി.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതിലൊരു ഫോൺ മറ്റൊരു നമ്പറിൽ തിരുച്ചിയിൽ നിന്ന് പ്രവർത്തിക്കുന്നതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തിരുച്ചിയിൽ നിന്ന് പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും തമ്മിൽ വിവാഹിതരായെന്നും തിരുച്ചിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നെന്നും തെളിഞ്ഞു. വിദ്യാർത്ഥിക്ക് 18 വയസ് തികയാത്തതിനാൽ അദ്ധ്യാപികയ്ക്ക് എതിരെ പോക്സോ ചുമത്തി കേസെടുക്കുകയായിരുന്നു. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
ഒരാഴ്ച്ചക്കിടെ തമിഴ്നാട്ടിൽ അദ്ധ്യാപകർ പ്രതികളാകുന്ന നാലാമത്തെ പോക്സോ കേസാണിത്. രണ്ട് സ്കൂൾ അദ്ധ്യാപകരും ഒരു കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമാണ് തമിഴ്നാട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റിലാകുന്നത്.