
തിരുവനന്തപുരം: ബസ് സമരത്തിൽ സർക്കാരിന് പിടിവാശി ഇല്ലെന്നും സ്വകാര്യ ബസുടമകൾ പിടിവാശി ഉപേക്ഷിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ബസ് ചാർജ് വർദ്ധനവ് അനിവാര്യമാണെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. സർക്കാർ വാക്ക് പാലിച്ചു കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. സംഘടനകൾ ഇങ്ങോട്ടേക്ക് വന്നാൽ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിലെ ചില നേതാക്കൾക്ക് മാത്രമാണ് പിടിവാശി. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ല എന്ന ഭാഷയാണ് ബസ് ഉടമകൾക്ക്. ഈ മാസം 30ന് എൽഡിഎഫ് യോഗം ചേർന്ന് ഈ കാര്യത്തിൽ അന്തിമമായി ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞതിന് ശേഷം ഇങ്ങനൊരു സമരം ചെയ്യുന്നതിന്റെ ലക്ഷ്യം മറ്റു ചിലതാണ്.
ഓട്ടോ ടാക്സി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. അവരുമായി ചർച്ചകൾ നടത്തി, അവർ സർക്കാരിന്റെ വാക്ക് വിശ്വസിച്ചു. കാര്യം മനസിലായതു കൊണ്ടാണ് അവർ സമരത്തിന് പോകാത്തത്. ഇപ്പോൾ സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. ബസുടമകളുടെ സമരം പൊതുജനങ്ങൾക്കെതിരെയാണ്.
അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിൻവലിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.