
ബ്യൂണസ് അയേഴ്സ് : സൂപ്പർതാരങ്ങളായ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയും ഗോളുകളുമായി മിന്നിത്തിളങ്ങിയ ലാറ്റിനമേരിക്കൻ മേഖല ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വീഴ്ത്തി അർജന്റീന. ആദ്യ പകുതിയിൽ നിക്കോളാസ് ഗോൺസാലസിലൂടെ (35-ാം മിനിട്ട് ) ലീഡെടുത്ത അർജന്റീനയ്ക്കായി രണ്ടാം പകുതിയിലാണ് ഡി മരിയയും (79-ാം മിനിട്ട് ), മെസിയും (82-ാം മിനിട്ട് ) സ്കോർ ചെയ്തത്.
നേരത്തേതന്നെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്ന അർജന്റീന ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്രസീലിനു താഴെ രണ്ടാമതായി തുടരുകയാണ്. 16 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായാണ് ബ്രസീൽ ഒന്നാമതു നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽനിന്ന് അർജന്റീനയ്ക്ക് 38 പോയിന്റുണ്ട്.
സെനഗലിനെ വീഴ്ത്തി ഈജിപ്റ്റ്
ഇംഗ്ലിഷ് ക്ലബ് ലിവർപൂളിലെ സൂപ്പർ താരങ്ങളായ മൊഹമ്മദ് സലായും സാഡിയോ മാനേയും നേർക്കുനേർ വന്ന ലോകകപ്പ് യോഗ്യതാ പ്ലേഓഫ് പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ സെനഗലിനെതിരെ സലായുടെ ഈജിപ്റ്റിന് വിജയം. സാദിയോ മാനെയുടെ സെനഗലിനെ ഈജിപ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്.
സെഗനൽ താരം സാലിയോ സിസ് വഴങ്ങിയ സെൽഫ് ഗോളാണ് ഈജിപ്റ്റിന് വിജയം സമ്മാനിച്ചത്. സലായുടെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചത് സാലിയോയുടെ ദേഹത്തുതട്ടി വലയിൽ കയറുകയായിരുന്നു. ഇതോടെ, രണ്ടാം പാദ പോരാട്ടത്തിൽ സെനഗലിനെ സമനിലയിൽ തളച്ചാലും ഈജിപ്റ്റിന് ഖത്തർ ലോകകപ്പിൽ കളിക്കാം.