mithali-

സെമിപ്രവേശനം ഉറപ്പാക്കാനായി ഇന്ത്യയ്ക്ക് ഇന്ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കണം

വെല്ലിംഗ്ടൺ : വനിതാ ഏകദിന ലോകകപ്പിൽ സെമിഫൈനൽ ഉറപ്പാക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് നിർണായകമായ അവസാന ലീഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നു. ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയിലെ ആദ്യ നാലുസ്ഥാനക്കാർക്ക് മാത്രം സെമിയിലേക്ക് ബർത്ത് ലഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ആദ്യ സ്ഥാനത്തുള്ള ആസ്ട്രേലിയയും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചുകഴിഞ്ഞു. ഇന്ന് ബംഗ്ളാദേശിനെ അവസാനമത്സരത്തിൽ നേരിടാനിറങ്ങുന്ന ഇംഗ്ളണ്ടിനും സെമിയിലെത്താൻ വിജയിച്ചേ മതിയാകൂ.

സെമി വാതിൽ തുറക്കാൻ

എല്ലാകളിയും ജയിച്ച് 14 പോയിന്റുമായി ആസ്ട്രേലിയ ഒന്നാമത്. ഒൻപത് പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമത്.

ലീഗിലെ മത്സരങ്ങളെല്ലാം പൂർത്തിയാക്കിയ വിൻഡീസ് ഏഴുപോയിന്റുമായി മൂന്നാം സ്ഥാനത്ത്.

ലീഗ് റൗണ്ടിൽ ആറു മത്സരങ്ങളിൽ മൂന്ന് വിജയം വീതം നേടിയ ഇന്ത്യയ്ക്കും ഇംഗ്ളണ്ടിനും ആറുപോയിന്റ് വീതം. റൺറേറ്റ് പരിഗണനയിൽ ഇംഗ്ളണ്ട് നാലാമതും ഇന്ത്യ അഞ്ചാമതും.

ഇന്ന് ഇന്ത്യയും ഇംഗ്ളണ്ടും ജയിച്ചാൽ ഇരുവർക്കും എട്ടുപോയിന്റ് വീതമാകും. വിൻഡീസിനെ അഞ്ചാമതാക്കി ഇരുടീമുകളും സെമിയിലെത്തും.

രാവിലെ 3.30ന് തുടങ്ങുന്ന മത്സരത്തിൽ ബംഗ്ളാദേശ് ഇംഗ്ളണ്ടിനെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയോട് ചെറിയ മാർജിനിൽ തോറ്റാലും സെമിയിൽ കടക്കാം.

ഇന്ത്യ Vsദക്ഷിണാഫ്രിക്ക

6.30 am മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്