
കൊച്ചി: കോൺഗ്രസ് നേതാക്കളുൾപ്പെട്ട സിൽവർലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ പ്രാദേശിക നേതാവിനെതിരെ പാർട്ടി നടപടി. പിറവം എൽസി സെക്രട്ടറി കെ.സി തങ്കച്ചനെതിരായാണ് പാർട്ടി അച്ചടക്കനടപടിയെടുത്തത്. ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തിൽ നിന്നും തങ്കച്ചനെ പുറത്താക്കി. സിൽവർലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നവരെല്ലാം ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്നും സിവിൽ, പൊലീസ് ഉദ്യോഗസ്ഥർ ധൃതി കാട്ടുന്നതെന്തിനെന്ന് പാർട്ടി അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു സർക്കാരിനെ വിമർശിച്ചത് കഴിഞ്ഞ ദിവസമാണ് ഇതിനുപിന്നാലെയാണ് മറ്റൊരിടത്ത് പാർട്ടി നേതാവിനെതിരെ തന്നെ അച്ചടക്ക നടപടി വന്നത്.
തനിക്ക് തെറ്റുപറ്റിയതായും കോൺഗ്രസ് നേതാക്കളടക്കം പങ്കെടുത്ത സമരത്തിൽ താനെത്തിയത് തെറ്റാണെന്നും തങ്കച്ചൻ കുറ്റം സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്‌ച ചേർന്ന മണ്ഡലം കമ്മിറ്റി ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. എന്നാൽ ലോക്കൽ കമ്മിറ്റി അംഗമായി തങ്കച്ചൻ തുടരും. പിറവം മണ്ഡലത്തിലെ പാർട്ടിയുടെ മുതിർന്ന നേതാവായതിനാൽ തങ്കച്ചനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം കേരളം സമർപ്പിച്ച ഡിപിആർ അപൂർണമായതിനാൽ സിൽവർലൈൻ പദ്ധതിയ്‌ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. അടൂർ പ്രകാശ് എംപിയ്‌ക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ വിവരം അറിയിച്ചത്.