ebike

വെല്ലൂർ: പുതിയതായി വാങ്ങിയ ഇ ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പുതിയ ബൈക്ക് രാത്രി ചാർജ് ചെയ്യാനിട്ട ശേഷം ഉറങ്ങുകയായിരുന്ന വെല്ലൂർ സ്വദേശി ദുരൈവർമ്മ(49) മകളായ മോഹനപ്രീതി(13) എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടർന്നുള‌ള പുക ശ്വസിച്ച് ഇരുവരും തൽക്ഷണം മരിച്ചു.

ബൈക്ക് പൊട്ടിത്തെറിച്ച് അടുത്തുള‌ള മറ്റൊരു ബൈക്കിലും തീപിടിച്ചു. പിന്നീട് വീട്ടിലേക്കും തീ പടർന്നതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. തീ ആളിപ്പടർന്നതിനാൽ ഇവർക്ക് ഇരുവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്. ഒൻപത് വർഷം മുൻപ് ദുരൈവർമ്മയുടെ ഭാര്യ മരിച്ചിരുന്നു. രണ്ട് മക്കളോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മകൻ ആഹാരത്തിന് ശേഷം ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.