
നമ്മുടെ ഭക്ഷണ ക്രമത്തിൽ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവൻ നമുക്ക് ആരോഗ്യവും ഉന്മേഷവും ഉറപ്പു വരുത്തുന്നതിൽ പ്രഭാത ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അൾസർ മുതൽ അസ്ഥികൾ ക്ഷയിക്കൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം. കൂടാതെ
ടൈപ്പ് 2 പ്രമേഹം, മാനസിക സമ്മർദ്ദം,രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്. ദിവസം മുഴുവൻ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്നം.കാലക്രമത്തിൽ ഓർമ്മക്കുറവും ഉണ്ടായേക്കാം. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവർക്ക് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം. അതിനാൽ ഇനി മുതൽ രാവിലെ എന്തെങ്കിലും കഴിച്ച് വയറു നിറയ്ക്കാതെ സമീകൃതാഹാരം കഴിക്കുന്നത് ശീലമാക്കാം.