vinayakan

സിനിമാ പ്രമോഷൻ ചടങ്ങിനിടെ മിടൂ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ നടൻ വിനായകനെതിരെ പരാതി. ഒബിസി മോർച്ചയാണ് ദേശീയ വനിതാ കമ്മിഷനിൽ നടനെതിരെ പരാതിപ്പെട്ടത്. സ്‌ത്രീവിരുദ്ധമായ പരാമർശമാണ് നടൻ നടത്തിയതെന്ന് കാണിച്ചാണ് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തൃപ്പലപ്പൂർ വിപിൻ പരാതി നൽകിയത്.

താൻ പത്തോളം സ്‌ത്രീകളുമായി ശാരീരികബന്ധത്തിലേർപ്പെട്ടിട്ടുള‌ളതായും തനിക്ക് സെക്സ് ചെയ്യാൻ തോന്നിയാൽ ആ സ്ത്രീയോട് ചോദിക്കുമെന്നുമാണ് നടൻ വിനായകൻ പറഞ്ഞിരുന്നത്. 'ഒരുത്തീ' ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ വച്ചാണ് നടൻ ഇത്തരത്തിൽ മാദ്ധ്യമ പ്രവർത്തകയോട് പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമർശനം അന്നുണ്ടായിരുന്നു. സംഭവത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് വിനായകനിപ്പോൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ രംഗത്തെത്തിയത്. മാദ്ധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് തന്റെ ഭാഷാ പ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.