
തിരുവനന്തപുരം: തീയിൽ കുരുത്തതിനെ വെയിൽ കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കരുതെന്ന് തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ ബഡ്ജറ്റ് ചർച്ചക്കിടെയുള്ള ആമുഖ പ്രസംഗത്തിലാണ് മേയർ തന്നെകുറിച്ച് ഇത്തരത്തിൽ പറഞ്ഞത്. അഞ്ചു വർഷം കൊണ്ട് കാണിക്കേണ്ടതെല്ലാം പ്രതിപക്ഷമായ ബി ജെ പി ആദ്യത്തെ ഒരു വർഷം കൊണ്ട് തന്നെ കാണിച്ചുകഴിഞ്ഞെന്നും ആരെയാണ് ഇവർ ഭയക്കുന്നതെന്ന ചോദ്യമാണ് തനിക്ക് ചോദിക്കാനുള്ളതെന്നും മേയർ ചോദിച്ചു. ഏത് മറുപടിക്ക് മുന്നിലാണ് ഇവർ തകർന്നുപോകുന്നതെന്നും ഏത് ചർച്ചയുടെ മുന്നിലാണ് ഇവർ തലകുനിച്ച് പോകുന്നതെന്ന സംശയമാണ് തനിക്കുള്ളതെന്നും മേയർ കൂട്ടിച്ചേർത്തു.
നല്ല ആശയങ്ങളോ നല്ല നിർദ്ദേശങ്ങളോ വിവാദങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും തീയിൽ കുരുത്തതിനെ വെയിൽ കാണിച്ച് പേടിപ്പിക്കാൻ ശ്രമിക്കരുതെന്നും മേയർ വ്യക്തമാക്കി. ഈ നഗരസഭയ്ക്ക് പ്രതിസന്ധിയുണ്ടായപ്പോൾ ചേർത്തുപിടിച്ച പിണറായി വിജയനെയല്ലാതെ ആരെയാണ് തങ്ങൾ അഭിനന്ദിക്കേണ്ടതെന്നും മേയർ ചോദിച്ചു.
തുടർന്ന് ബി ജെ പിയുടെ പാർലമെന്ററി പാർട്ടി നേതാവ് എം ആർ ഗോപൻ പ്രതിഷേധവുമായി എഴുന്നേറ്റത് ബി ജെ പി - എൽ ഡി എഫ് കൗൺസിലർമാർ തമ്മിലുള്ള വാക്കേറ്റത്തിനും സംഘർഷത്തിനും വഴിവച്ചു. സി പി എം കൗൺസിലർ നിസാമുദീൻ ബിജെപി കൗണ്‍സിലറായ മഞ്ജുവിനെ മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി ആക്രമിച്ചുവെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി.
ഇരുപക്ഷത്തെയും അംഗങ്ങളെ നിയന്ത്രിക്കാൻ മേയർ ബുദ്ധിമുട്ടിയതോടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് വരെ എത്തി. എന്നാൽ സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് പൊലീസ് ഇടപെട്ട് രംഗം ശാന്താമാക്കി.