keff

കോഴിക്കോട്: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഫ് ഹോൾഡിംഗ്സ് 800 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന റിസോർട്ടിന്റെ ലോഞ്ചിംഗും രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും ഇന്ന് വൈകിട്ട് ആറിന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹമ്മദ് അൽബന്നയും നിർവഹിക്കും. കെഫ് ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഫൈസൽ കൊട്ടിക്കോളൻ പങ്കെടുക്കും. ചേലേമ്പ്രയിൽ 30 ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെൽനസ് റിസോർട്ട്. 50 മുറികൾ ഉൾപ്പെടുന്ന ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ തുറന്നു കൊടുക്കും. 2024 മാർച്ചിൽ രണ്ടാംഘട്ടം പൂർത്തിയാകും. ആധുനിക വൈദ്യ ശാസ്ത്രം, ആയുർവേദം, ടിബറ്റൻ പരമ്പരാഗത ചികിത്സകൾ ഒരുക്കും. ഇത്തരത്തിലൊന്ന് ലോകത്ത് തന്നെ ആദ്യത്തേതായിരിക്കുമെന്ന് ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. അനുബന്ധ സ്ഥാപനമായ കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയെ കൂടി ബന്ധിപ്പിക്കുന്നതോടെ മെഡിക്കൽ വാല്യൂ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിപ്പുണ്ടാക്കാൻ സാധിക്കും.

 സുസ്ഥിരം, പരിസ്ഥിതി സൗഹൃദം

സോളാർ പവർപാർക്ക്, മരങ്ങൾ, ഹൈടെക് ജൈവകൃഷി, ജൈവകൃഷിയിലൂടെയുള്ള ഭക്ഷ്യ ഉല്പാദനം, ജല സാങ്കേതികവിദ്യ, കമ്പോസ്റ്റിംഗ്, എയർ കണ്ടീഷനിംഗിന് പകരം റേഡിയന്റ് കൂളിംഗ് എന്നിവ ഉൾക്കൊള്ളുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആവാസ വ്യവസ്ഥയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കെഫ് ഡിസൈൻസ്, കെ.കെ.ഡി, ലാമി, സ്‌ക്വയർ എം എന്നിവ ഉൾപ്പെടുന്ന അന്താരാഷ്ട്ര വാസ്തുശിൽപികളുടെയും ഡിസൈനർമാരുടെയും സംഘമാണ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങളും രൂപകൽപനയും നിർവഹിക്കുന്നത് .

 പ്രകൃതിയിൽ നിന്ന് പഠിക്കുക, മെച്ചപ്പെട്ട ആരോഗ്യത്തിനായി പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തെ സമന്വയിപ്പിക്കുക എന്നതാണ് ക്ലിനിക്കൽ വെൽനസ് റിസോർട്ടിന്റെ പിന്നിലെ ആശയം

ഡോ.ഫൈസൽ

കെഫ് ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനും