 
തിരുവനന്തപുത്തെ കെ.എസ്.യുവിന്റെ മുന്നണി പോരാളികളില്‍ പ്രമുഖൻ. തലേക്കുന്നിൽ ബഷീർ എന്നു മാത്രമെഴുതിയാൽ കത്തു ലഭിച്ചിരുന്നയാൾ.തലേക്കുന്നില്‍ ബഷീറിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകൾ ഒട്ടേറെ. അതിൽ മായാതെ നില്‍ക്കുന്ന ദിനമാണ് 4.2.1971.
അന്നായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസ് നരനായാട്ട് നടത്തിയ ദിനം.
യൂണിവേഴ്‌സിറ്റി കോളേജിനും സ്‌പെന്‍സര്‍ ജംഗ്ഷനും ഇടയിലുള്ള മെയിന്‍ റോഡില്‍ കിടന്നാണ് ഞാന്‍ ബഷീറിന്റെ ശബ്ദം കേട്ടതും അതിന്റെ ഗാംഭീര്യം അനുഭവിച്ചതും.
സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിലായിരുന്നു .ശങ്കരൻ, രാജശേഖരൻ തുടങ്ങിയവരായിരുന്നു നേതാക്കൾ. സമരത്തെ അനുകൂലിച്ച് ആ ദിനത്തിൽ കെ.എസ്.യു പ്രവര്‍ത്തകര്‍ എന്റെ നേതൃത്വത്തിലും, എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പിന്നീട് സെനറ്റ് മെമ്പറായ ജെ.ഉദയഭാനുവിന്റെ നേതൃത്വത്തിലും പ്രകടനം നടത്തി. ആയുര്‍വേദ കോളേജിലെ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റും പങ്കെടുത്തുവെന്നാണ് ഓര്‍മ്മ.
സമരാനുകൂലികളായ ഞങ്ങള്‍ പോലീസുമായി നേര്‍ക്കുനേര്‍, പിന്നീട് സംഘർഷം. അന്ന് ജലപീരങ്കിയില്ല. പിന്നെ കഥയുടെ തുടക്കമായി. കാക്കി
പാന്റും അതിന്റെ മേല്‍ ഷര്‍ട്ടും തുണി ബെല്‍റ്റുമിട്ട് തൊന്തി .വയറുള്ള തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ.വീരമണിയും ഞാനുമായി ശക്തമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ആകാരം കൊണ്ട് എ.കെ.വീരമണിയുടെ നാലയലത്ത് എത്താത്ത ഞാന്‍ അദ്ദേഹത്തെ പിടിച്ചുതള്ളി. ഡിം. വീരമണി വീണു. ആദ്യ റൗണ്ട് അടി ....
പോലീസുകാര്‍ വളഞ്ഞിട്ട് ഞങ്ങളെ തല്ലി.എന്നെയും ഉദയഭാനുവിനെയും ബലം പ്രയോഗിച്ച് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെത്തിയ ഞങ്ങളുടെ സ്ഥിതി അക്ഷരാർത്ഥത്തിൽ ഭയാനകമായിരുന്നു. പോലീസുകാര്‍ ഒന്നിച്ച് ഞങ്ങളെ മര്‍ദ്ദിക്കുമെന്ന് തോന്നിയപ്പോള്‍ ഞാനും കൂടെയുള്ളവരും പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടയില്‍ ഞാന്‍ ബോധരഹിതനായി. എവിടെയാണ് വീണതെന്നോ, ആരാണ് എന്നെ എടുത്തുകൊണ്ടുപോയതെന്നോ എനിക്ക് അറിയില്ല.
പോലീസുകാരെ വിടരുത്, എറിയടാ..' എന്ന തലേക്കുന്നില്‍ ബഷീറിന്റെ ആക്രോശം കേട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിനും സ്‌പെന്‍സര്‍ ജംഗ്ഷനും ഇടയിലുള്ള മെയിന്‍ റോഡില്‍ നിന്ന് ഞാന്‍ ഉണര്‍ന്നത്. ആ സമയത്ത് എനിക്ക് ചുറ്റും,പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥനായ ജോണും, ഐ പി എസ് ഉദ്യോഗത്തിലിരിക്കെ മരണമടഞ്ഞ അന്‍സാരിയും,അഭിഭാഷകനായ ശ്രീനിവാസനും ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് മൃഗീയമായ ലാത്തിചാര്‍ജ്ജായിരുന്നു. അതിനെ തുടര്‍ന്ന് അസി. കമ്മീഷണര്‍ എ.കെ.വീരമണിയെ സസ്‌പെന്‍ഡ് ചെയ്തതും അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് ആ നടപടി റദ്ദാക്കിയതും തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിയായിരിക്കെ അന്നത്തെ സംഭവം സിലബസ് കേസായി പഠിച്ചതും മറ്റൊരുകഥ.
പോലീസിനെ ഭയന്ന് വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന് സംഘടനാപ്രവര്‍ത്തനം നടത്തുന്ന ഭീരുവായ നേതാവായിരുന്നില്ല ബഷീര്‍.വിദ്യാര്‍ത്ഥി സമരങ്ങളില്‍ പി.സി.ചാക്കോ
എം.എം. ഹസ്സൻ ഞാൻ അടക്കമുള്ള നഗരത്തിലെ നേതാക്കളോടൊപ്പം സമരമുഖത്ത് അടിപതറാതെ നിന്ന നേതാവായിരുന്നു ബഷീർ.
ബഷീറിന് അന്ന് പോലീസ് മര്‍ദ്ദനം ഏല്‍ക്കാതിരുന്നത് അദ്ദേഹത്തിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി പൊലീസ് വാനില്‍കയറ്റിയത് കൊണ്ടു മാത്രമാണ്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബഷീറിനെതിരെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായ ഞാന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ വികാരം എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ അതൊന്നും കെ.എസ്.യു പ്രവര്‍ത്തനകാലഘട്ടത്തിലോ തുടര്‍ന്നുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലോ ബഷീര്‍ പ്രകടിപ്പിച്ചിട്ടില്ല. എന്നോട് എല്ലായ്പ്പോഴും സ്‌നേഹവും വാത്സല്യവും കാട്ടിയ നേതാവായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ബഷീര്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മുഖ്യമന്ത്രിയായ എ.കെ ആന്റണിക്ക് മത്സരിക്കാന്‍ 1977 ജൂലായ് 25ന് സ്ഥാനം ഒഴിഞ്ഞു. പിന്നീട് 1977-79,1979-84 കാലഘട്ടത്തില്‍ ബഷീര്‍ രാജ്യസഭയിലും തുടര്‍ന്ന് 1984-89,1989-91 കാലഘട്ടത്തില്‍ ലോക്സഭയിലും അംഗമായി. കേരളത്തില്‍ നിന്ന് ഈ മൂന്ന് സഭകളിലും ആദ്യമെത്തിയത് തലേക്കുന്നില്‍ ബഷീര്‍ ആയിരുന്നു. കെ.കരുണാകരനും, വയലാര്‍ രവിയും, എന്‍.കെ പ്രേമചന്ദ്രനും പിന്നീട് മൂന്നു സഭകളിലും അംഗമായിരുന്നിട്ടുണ്ട്. ചലച്ചിത്രനടന്‍ പ്രേംനസീറിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ബഷീര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ് പ്രേംനസീര്‍ ഫൗണ്ടേഷന്‍.
ബഷീറിന്റെ പ്രസംഗം അക്കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഹരമായിരുന്നു. മറ്റൊരു പ്രാസംഗികനായിരുന്ന കെ.എസ്.എഫ് (ഇന്നത്തെ എസ്എഫ് ഐ)നേതാവ് പരേതനായ സി.കെ.സിതാറാം. ഇവർ രണ്ട് പേരും തമ്മിലായിരുന്നു ലോ കോളേജിലെ മത്സരം. ആക്ഷേപഹാസ്യം നിറഞ്ഞതായിരുന്നു ഇവരുടെ പ്രസംഗം. ഒരാള്‍ പ്രസംഗത്തില്‍ ഉദരപൂരണത്തെ കുറിച്ചാണ് പരാമര്‍ശിക്കുന്നതെങ്കില്‍ മറ്റെയാല്‍ കാമപൂരണത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില പ്രസംഗങ്ങള്‍ ഞാനും കേട്ടിട്ടുണ്ട്. അന്ന് കെ.എസ്.യു ലോ കോളേജ് യൂണിയനുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കെ.എസ്.യുവിന്റെ പ്രവര്‍ത്തനം ഏറെക്കുറെ ലോ കോളേജിലെ യൂണിയനുകള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്. ബഷീർ യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായി. അവിടെ നിന്ന് ഉയർച്ച. ചിറയിൻകീഴ് ലോക്സഭ മണ്ഡലത്തിൽ നിന്ന് തോറ്റില്ലായിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയായേനെ. അവിടെ കാലു വാരൽ ഉണ്ടായിരുന്നു. ബഷീര്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനം ഒഴിഞ്ഞ ശേഷം മലയാളം മിഷന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു. ആ നിയമനം സ്വീകരിച്ചതിനോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. പാര്‍ലമെന്ററി രംഗത്തെ മൂന്ന് സഭകളിലും അംഗമായിരുന്നു ഖ്യാതി സമ്പാദിച്ച വ്യക്തി സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിച്ചത് ശരിയായില്ലെന്ന് ഞാന്‍ ബഷീറിനോട് പറഞ്ഞിരുന്നു. എങ്കിലും, അദ്ദേഹത്തിന് അതിന്റെതായ ന്യായം ഉണ്ടായിരുന്നു. വളരെ സമ്പന്നതയില്‍ ജനിച്ച ബഷീര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വസ്തു വകകളിൽ ഭൂരിഭാഗവും വിറ്റൊഴിച്ചു.
മിക്കവാറും കെ.എസ്.യു. നേതാക്കൾക്ക് ഉള്ളതുപോലെ തന്നെ ബഷീറിനും അക്കാലത്ത് ഒരു പ്രേമ ബന്ധമുണ്ടായിരുന്നു. അവർ വ്യത്യസ്ഥ മത വിഭാഗത്തിൽപ്പെട്ടവരായതിനാൽ
ആ ബന്ധത്തിന് സാക്ഷാത്കാരം ഉണ്ടായില്ല. ഇരുവരും പിന്നീട് വെവ്വെറെ വിവാഹിതരായി.
തലേക്കുന്നില്‍ ബഷീറിന്റെ ദീപ്തമായ ഓര്‍മ്മക്ക് മുന്നില്‍ ആദരാജ്ഞലികള്‍