
ഇസ്ളാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഏപ്രിൽ നാലിനെന്ന് വിവരം. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്‌ഖ് റാഷീദാണ് വിവരം സ്ഥിരീകരിച്ചത്. മുൻപ് ഇമ്രാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാതെ വെളളിയാഴ്‌ച ദേശീയ അസംബ്ളി പിരിഞ്ഞിരുന്നു. മരണമടഞ്ഞ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം പിരിയുകയാണെന്ന് സ്‌പീക്കർ അസദ് ഖൈസർ അറിയിക്കുകയായിരുന്നു.
അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള പ്രതിപക്ഷശ്രമം പ്രധാനമന്ത്രിയുടെ ജനപ്രീതി വർദ്ധിപ്പിച്ചെന്ന് ഷെയ്‌ഖ് റാഷീദ് പറഞ്ഞു. ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തെ മൂഢന്മാരെന്നും അദ്ദേഹം പരിഹസിച്ചു. അവിശ്വാസ പ്രമേയം പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇമ്രാൻ ഖാനെ സംരക്ഷിക്കാൻ സ്പീക്കർ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. അവിശ്വാസപ്രമേയം വോട്ടിനിടുമ്പോൾ ഇമ്രാനെതിരെ വോട്ടുചെയ്യുമെന്ന് പാർട്ടിയിലെ 24 വിമത എം.പിമാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷത്തെ നൂറോളം എം.പിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. സൈന്യത്തിന്റെ പിന്തുണയും ഇമ്രാന് നഷ്ടമായിരിക്കുകയാണ്. ഇന്നലെ സഭ പിരിഞ്ഞതോടെ പ്രമേയ വോട്ടെടുപ്പിന് ഇനി ഒരാഴ്ച കൂടി കാത്തിരിക്കണം. അവിശ്വാസ പ്രമേയത്തിന് മുമ്പ് രാജിവയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു.