
മുംബയ്: സാമാന്യം ചെറിയ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നൽകിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ അധികം സമ്മർദ്ദം ഒന്നുമില്ലാതെയാണ് കൊൽക്കത്ത ബാറ്റ് വീശിയത്. രഹാനെയും വെങ്കിടേഷ് അയ്യറും ചേർന്ന് സാമാന്യം ഭേദപ്പെട്ട തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 6.2 ഓവറിൽ 43 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
ഏഴാം ഓവറിൽ വെങ്കിടേഷ് അയ്യർ പുറത്തായതോടെ ക്രീസിൽ എത്തിയ നിതീഷ് റാണയും ക്രീസിൽ ഉറച്ചു നിൽക്കാൻ തുടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്രതിരോധത്തിലായി. സ്പിന്നർമാരെ നന്നായി കളിക്കുന്ന ഇടങ്കൈയൻ ബാറ്റ്സ്മാൻ നിതീഷ് റാണയ്ക്കെതിരെ ചെന്നൈ ക്യാപ്ടൻ രവീന്ദ്ര ജഡേജ ഇറക്കിയത് രണ്ട് ഇടങ്കൈയൻ സ്പിന്നർമാരെ കൂടി ആയപ്പോൾ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമായി.
എട്ടാം ഓവറിന്റെ അവസാനം അമ്പയർ ഡ്രിങ്ക്സ് ബ്രേക്ക് വിളിച്ചതോടെ ഡഗ് ഔട്ടിൽ നിന്ന് ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഗ്രൗണ്ടിലെത്തി. ക്യാപ്ടൻ രവീന്ദ്ര ജഡേജയോടൊപ്പം സംസാരിക്കുമെന്ന് കരുതിയ ഫ്ലെമിംഗ് പക്ഷേ ഏറെനേരവും ചർച്ച നടത്തിയത് മുൻ ക്യാപ്ടൻ ധോണിയുമായിട്ടായിരുന്നു. ഫലമോ, ബ്രേക്ക് കഴിഞ്ഞശേഷമുള്ള ഓവർ മുതൽ കാണികൾ കാണുന്നത് ഫീൽഡ് സെറ്റ് ചെയ്യുന്ന ധോണിയെയാണ്.
സ്പിന്നർമാരെ ആക്രമണത്തിൽ നിന്ന് പിൻവലിച്ച ധോണി പേസർ ഡ്വെയ്ൻ ബ്രാവോയെ മടക്കികൊണ്ടു വന്നു. കൂടെ ഒരു കാര്യം കൂടി ചെയ്തു, ഷോർട്ട് ഫൈൻ ലെഗിൽ ഒരു ഫീൽഡറെ കൂടി ഇട്ടു. ബ്രാവോ എറിഞ്ഞ അഞ്ചാം പന്തിൽ നിതീഷ് റാണ റായിഡുവിന് ഗള്ളിയിൽ ക്യാച്ച് നൽകി മടങ്ങി. രണ്ട് ഓവർ കൂടി കഴിഞ്ഞപ്പോൾ സാന്റ്നറിന്റെ പന്തിൽ മിഡ്‌വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നൽകി ക്രീസിൽ നിലയുറപ്പിച്ചിരുന്ന അജിങ്ക്യ രഹാനെയും പുറത്ത്.
ധോണി നായകസ്ഥാനം ഒഴിഞ്ഞാലും അദ്ദേഹത്തിന്റെ ക്യാപ്ടൻസി ചെന്നൈയ്ക്ക് ഒഴിവാക്കാൻ സാധിക്കില്ലെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു നിതീഷ് റാണയുടെയും രഹാനെയുടെയും പുറത്താകലുകൾ.