
മുംബയ് : ഐ.പി.എൽ 15-ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ധോണിയിൽ നിന്ന് ക്യാപ്ടൻസി ഏറ്റെടുത്തിറങ്ങിയ രവീന്ദ്ര ജഡേജയും സംഘവും നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. 38 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 50 റൺസടിച്ച ധോണിയും 28 പന്തുകളിൽ ഒരു സിക്സടക്കം പുറത്താകാതെ 26 റൺസ് നേടിയ ജഡേജയും ചേർന്നാണ് 61/5 എന്ന നിലയിൽ നിന്ന് ഈ സ്കോറിലെത്തിച്ചത്. ഒൻപത് പന്തുകൾ ബാക്കിനിൽക്കേയാണ് കൊൽക്കത്ത സീസണിലെ ആദ്യ വിജയം നേടിയത്.
 
മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ റിതുരാജ് ഗെയ്ക്ക്വാദിനെ പുറത്താക്കി കൊണ്ട് കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഉമേഷ് യാദവ് നൽകിയത്. അഞ്ചാം ഓവറിൽ മറ്റൊരു ഓപ്പണർ ഡെവൺ കോൺവേയെയും അയ്യറിന്റെ കൈകളിൽ എത്തിച്ച യാദവ് നാല് ഓവറിൽ വെറും 20 റണ്ണാണ് വിട്ടുനൽകിയത്.തുടർന്ന് വന്ന റോബിൻ ഉത്തപ്പ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും സ്വിംഗ് ബൗളർമാരെ നന്നായി പിന്തുണച്ച വാങ്കഡെയിലെ പിച്ചിൽ റൺസ് കണ്ടെത്തുക ദുഷ്കരമായിരുന്നു. വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് ക്രീസിൽ നിന്ന് പുറത്തു ചാടിയ ഉത്തപ്പയെ കൊൽക്കത്ത വിക്കറ്റ് കീപ്പർ ജാക്ക്സൺ സ്റ്റംപ് ചെയ്ത് പുറത്താക്കി. തുടർന്ന് ക്രീസിൽ ഒരുമിച്ച രവീന്ദ്ര ജഡേജയും ധോണിയും മെല്ലെ തുടങ്ങിയ ശേഷം അവസാന രണ്ട് ഓവറുകളിലെ കൂറ്രൻ അടികളിലൂടെയാണ് സ്കോർ ഉയത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും വരുൺ ചക്രവർത്തി ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 15 റണ്ണെടുത്ത് അമ്പാടി റായിഡു റണ്ണൗട്ടാവുകയായിരുന്നു.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും വെങ്കിടേഷ് അയ്യരും(16) ചേർന്ന് ഓപ്പണിംഗിൽ 6.2 ഓവറിൽ 43റൺസ് കൂട്ടിച്ചേർത്തു.ഏഴാം ഓവറിൽ വെങ്കിടേഷിനെ ധോണിയുടെ കയ്യിലെത്തിച്ച ബ്രാവോ പത്താം ഓവറിൽ നിതീഷ് റാണയെ(21) അമ്പാട്ടിയെയും ഏൽപ്പിച്ചപ്പോൾ കൊൽക്കത്ത 76/2 എന്ന നിലയിലായി.12-ാം ഓവറിൽ സാന്റ്നർ രഹാനെയെയും മടക്കി അയച്ചെങ്കിലും നായകൻ ശ്രേയസ് അയ്യരും സാം ബില്ലിംഗ്സും ചേർന്ന് മുന്നോട്ടു നയിച്ചു.