
റിയാദ് : സൗദിയിലെ ജിദ്ദയിലുള്ള എണ്ണ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ വെടിനിർത്തലിന് സന്നദ്ധത അറിയിച്ച് യെമനിലെ ഹൂതികൾ. സനാ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കാൻ സന്നദ്ധമാണെന്നും ഹൂതികൾ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ എണ്ണ വില 120 ഡോളർ പിന്നിട്ടിരുന്നു. ഹൂതികൾക്കെതിരെ സഖ്യസേനാ ആക്രമണം തുടരുകയാണ്. ഹൂതികൾക്കെതിരെ യുഎസ് ഉൾപ്പെടെയുള്ളവരും രംഗത്തുണ്ട്.
ഇന്നലെയാണ് സൗദിയിലെ ജിദ്ദയിലുള്ള അരാംകോ പ്ലാന്റിന് നേരെ മിസൈലാക്രമണം നടന്നത്. പ്ലാന്റിൽ നിന്നുള്ള വിതരണം, സംസ്കരണം എന്നിവയെ ആക്രമണം ബാധിച്ചു. ഇതേ തുടർന്ന് വിതരണത്തിൽ തടസമുണ്ടാകുമെന്ന ഭീതിയിലാണ് എണ്ണ വില ഒരു ശതമാനം വർധിച്ചത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില വീണ്ടും 120 ഡോളർ പിന്നിട്ടു. ഇതിനു പിന്നാലെ രൂക്ഷമായ പ്രത്യാക്രമണത്തിലാണ് സൗദി സഖ്യസേന. ഇതിനിടെ, ഇന്നുച്ചക്കാണ് വെടിനിർത്തലിന് ഹൂതികൾ സന്നദ്ധത അറിയിച്ചത്. എന്നാൽ നിരവധി തവണ വാക്കു തെറ്റിച്ച ഹൂതികളുടെ പുതിയ പ്രഖ്യാപനത്തോട് ആലോചിച്ചെ പ്രതികരിക്കൂവെന്ന നിലപാടിലാണ് സൗദി അറേബ്യ.
നാളെ മുതൽ സൗദിയിൽ പത്ത് ദിനം നീളുന്ന യെമൻ സമാധാന ചർച്ച നടക്കുന്നുണ്ട്. ജി.സി.സി കൗൺസിലിന് കീഴിലാണ് യോഗം. ഇതിലേക്കുള്ള ക്ഷണം ഹൂതികൾ നിരസിച്ചിരുന്നു.