philip-sanal

ഇടുക്കി: മൂലമറ്റത്ത് ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പിൽ ബസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. തട്ടുകടയിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പിലേക്ക് നയിച്ചത്.

കേസിലെ പ്രതിയായ മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.40നായിരുന്നു സംഭവം. മൂലമറ്റം അശോക കവലയിൽ വനിതകൾ നടത്തുന്ന തട്ടുകടയിൽ ഫിലിപ്പും സംഘവും ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇവിടെവച്ച് ഭക്ഷണത്തിന്റെ പേരിൽ പ്രതി ബഹളമുണ്ടാക്കി.

തുടർന്ന് ഫിലിപ്പിനെ നാട്ടുകാർ വീട്ടിലേക്ക് അയച്ചിരുന്നു. കുറച്ച് സമയത്തിന് ശേഷം തോക്കുമായി തിരിച്ചെത്തി കാറിലിരുന്ന് കൊണ്ട് ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവയ്ക്കുകയായിരുന്നു. അഞ്ച് തവണ വെടിയുതിർത്തെന്ന് ദൃക്സാക്ഷി പറഞ്ഞു.

പ്രതി മടങ്ങുവഴി ബൈക്കിൽ വരികയായിരുന്ന സനലിനെയും ഇടിച്ചിട്ടു. നിലത്തുവീണ സനലിന് നേരെയും വെടിയുതിർത്തു. കഴുത്തിലാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവച്ച് തന്നെ സനൽ മരിച്ചു. കൂടെയുണ്ടായിരുന്ന മൂലമറ്റം സ്വദേശി പ്രദീപിനും പരിക്കേറ്റു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നാടൻ തോക്കിൽ നിന്നാണ് പ്രതി വെടിയുതിർത്തത്. ആക്രമണത്തിന് ശേഷം വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച ഇയാളെ മുട്ടത്തു പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് വെടിവയ്‌‌പിന് കാരണമായതെന്നും പൊലീസ് അറിയിച്ചു.