gayatri-babu

തിരുവനന്തപുരം: നഗരസഭയിലെ യുവ ജനപ്രതിനിധിയും വഞ്ചിയൂർ വാർഡ് കൗൺസിലറുമായ ഗായത്രി ബാബു വിവാഹിതയാകുന്നു. വൈക്കം തലയോലപ്പറമ്പ് സ്വദേശിയും കൊടുങ്ങല്ലൂർ അസ്മാബി കോളേജിൽ അദ്ധ്യാപകനുമായ അജ്മൽ റഷീദാണ് വരൻ. മറവന്തുരുത്ത് ഡി.വൈ.എഫ്.ഐ മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയായ അജ്മൽ, റഷീദ് സുൽജിത ദമ്പതികളുടെ മകനാണ്. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ വഞ്ചിയൂർ ബാബുവിന്റെയും ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പി.എസ്. ശ്രീകലയുടെയും മകളാണ് ഗായത്രി.

മേയ് 18ന് കനകക്കുന്ന് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3നാണ് വിവാഹം. പോണ്ടിച്ചേരി സർവകലാശാലയിൽ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്ന ഗായത്രിയെയും എം.ബി.എ വിദ്യാർത്ഥിയായിരുന്ന അജ്മലിനെയും ഒരുമിപ്പിച്ചത് പാർട്ടി പ്രവർത്തനമാണ്. ഇരുവരും സർവകലാശാലയിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായിരുന്നു. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

രണ്ട് മതത്തിലുള്ളവർ ഒരുമിക്കുന്നതിൽ ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും സന്തോഷമാണെന്ന് ഗായത്രി ബാബു കേരളകൗമുദിയോട് പറഞ്ഞു. എല്ലാവർക്കും വരാൻ പറ്റിയ ചൂടുകുറഞ്ഞ സ്ഥലമെന്ന നിലയ്ക്കാണ് നിശാഗന്ധി തിരഞ്ഞെടുത്തത്. മതാചാരങ്ങളൊന്നും ഇല്ലാതെയാകും വിവാഹം. ചായയും പലഹാരങ്ങളും മാത്രമായി ലളിതമായി നടത്താനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിഞ്ഞാലും പ്രവർത്തനമേഖല തിരുവനന്തപുരം തന്നെയായിരിക്കുമെന്നും ഗായത്രി പറഞ്ഞു.