modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തുറന്ന് പറച്ചിലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് വിദ്യാഭ്യാസ വിദ‌ഗ്‌ദ്ധനായ വിവേക് പട്ടേൽ. സഹജീവികളോട് അനുകമ്പയുള്ള വ്യക്തിയാണ് മോദിയെന്ന് വിവേക് പട്ടേൽ പറയുന്നു. പുറമെ കാണുമ്പോൾ കഠിനമായ വ്യക്തിയായി തോന്നുമെങ്കിലും ഉള്ള് കൊണ്ട് അദ്ദേഹം ഊഷ്മള വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് വിവേക് അഭിപ്രായപ്പെട്ടു.

പണ്ടത്തെക്കാലത്ത് ആരുടെ പക്കലും സെൽഫോണൊന്നും ഉണ്ടായിരുന്നില്ല. നമ്പരുകളും മറ്റും രേഖപ്പെടുത്താൻ മിക്ക ആളുകളും സാധാരണ പോക്കറ്റ് ഡയറിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ആക്കാലത്ത് തന്നെ മോദിയുടെ പക്കൽ ഡിജിറ്റൽ ഡയറിയുണ്ടായിരുന്നു. ഡേറ്റുകളും ഫോൺ നമ്പരുമൊക്കെ അദ്ദേഹം അതിലായിരുന്നു സൂക്ഷിച്ചിരുന്നത്. മോദിയ്ക്ക് ടെക്നോളജിയോടുള്ള താൽപര്യം പെട്ടെന്നുണ്ടായതല്ല, അത് പണ്ട് മുതൽ തന്നെ അങ്ങനെയായിരുന്നുവെന്ന് വിവേക് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഴത്തിൽ മനസിലാക്കുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ പുതിയ വെബ്‌സെെറ്റിലൂടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ‘മോദി സ്റ്റോറി.ഇന്‍’ എന്നതാണ് വെബ്‌സെെറ്റ്. പ്രധാനമന്ത്രിയുടെ അധികമാർക്കും അറിയാത്ത കഥകൾ ഈ വെബ്‌സെെറ്റിലൂടെ വായിക്കാൻ സാധിക്കും.

മോദിയുടെ ജീവിതത്തെ അടുത്ത് കണ്ട വ്യക്തികളുമായുള്ള സംഭാഷണങ്ങളും ഓർമ്മക്കുറിപ്പുകളും ഇതിലുണ്ട്. പ്രത്യേകിച്ച് ലാഭേച്ഛയില്ലാതെയാണ് വെബ്സെെറ്റ് പ്രവർത്തിക്കുന്നത്. മോദിയോടൊപ്പമുള്ള ഫോട്ടോകളും കത്തുകളുമൊക്കെ ഇവർ ശേഖരിക്കുന്നുണ്ട്. മോ‌ദിയെക്കുറിച്ചുള്ള രസകരമായ ഒട്ടേറെ കുറിപ്പുകൾ വെബ്സെെറ്റിലുണ്ട്.