soumya-philip

ഇടുക്കി: മൂലമറ്റത്ത് ബസ് ജീവനക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി തട്ടുകടയുടമ സൗമ്യ. കേസിലെ പ്രതിയായ ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയിരുന്നെന്നും കടയിലുള്ള മറ്റുള്ളവർ ഇടപെട്ടതോടെ ഇയാൾ പ്രകോപിതനായെന്നും സൗമ്യ പറഞ്ഞു.

'രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് ഫിലിപ്പ് കടയിലെത്തിയത്. ബീഫ് തീർന്നെന്ന് പറഞ്ഞതോടെ ഇയാൾ ബഹളമുണ്ടാക്കി. ഇത് കടയിൽ പാഴ്സൽ വാങ്ങാനെത്തിയ യുവാക്കൾ ചോദ്യംചെയ്തു. ഇതോടെ അയാൾ പ്രകോപിതനായി. പിന്നാലെ വീട്ടിൽ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തെറിവിളിക്കുകയും വെടിവയ്ക്കുകയും ചെയ്തു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവയ്പ്പ് നടന്നത്. ഒരാൾ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിഞ്ഞത്.'- സൗമ്യ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഫിലിപ്പ് നടത്തിയ ആക്രമണത്തിൽ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂലമറ്റം സ്വദേശി പ്രദീപ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കരളിലെ വെടിയുണ്ട നീക്കം ചെയ്യുക ദുഷ്‌കരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.