vietnam-early-jackfruit

കോട്ടയം . ഒരു കാലത്ത് വീട്ടുവളപ്പിലും പുരയിടത്തിലും സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ചക്ക ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആർക്കും വേണ്ടാതെ, കൊഴിഞ്ഞു പോയിരുന്ന കാലം ഇന്ന് അന്യമാകുന്നു. കായ്ഫലമുള്ള പ്ലാവിലെ ചക്കകൾ വിളയും മുൻപ് തമിഴ്നാട്ടിലേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും കയറ്റികൊണ്ടപോവുകയാണ്. പ്ലാവുകൾ ഉണ്ടെങ്കിലും പലയിടത്തും കായ്ച്ചിട്ടില്ല. ചക്കയ്ക്കും ചക്കക്കുരുവിനും മാർക്കറ്റിൽ വലിയ ഡിമാൻഡാണ്. നല്ല ഒരു വരിക്ക ചക്ക വേണമെങ്കിൽ 500 മുതൽ ആയിരം രൂപ വരെ ചുളയിറക്കണം.

പ്ലാവിലെ വിളവാകാത്തതും വിളഞ്ഞതുമെല്ലാം ഒന്നിച്ചെടുക്കുന്നതിനാൽ കർഷകർക്കും നേട്ടമാണ്. ഒരു ചക്കയ്ക്ക് 50 മുതൽ 100 രൂപ വരെ വില നൽകിയാണ് പ്ലാവിലെ മുഴുവൻ ചക്കകളും ഇവർ എടുക്കുന്നത്. കഴിഞ്ഞ വർഷം 50, 60 രൂപ വിലയുണ്ടായിരുന്ന ചക്കയ്ക്ക് ഇപ്പോൾ 600 രൂപ വരെ വില ലഭിക്കുന്നുണ്ട്. രണ്ടു മാസം കൂടി കഴിയുന്നതോടെ ചക്ക സുലഭമായേക്കും. അപ്പോഴേക്കും മഴക്കാലവുമാകും. പ്ലാവിൻ തൈകൾക്കും ഡിമാൻഡേറെയാണ്. വിയറ്റ്നാം ഏർളിക്കാണ് ആവശ്യക്കാരേറെ. നട്ട് ആറുമാസമാകമ്പോഴേക്കും കായ്ക്കുന്നതാണ് പ്രത്യേകത. 150 മുതൽ 350 രൂപ വരെയാണ് വില.

വിറ്റാമിനുകളുടെ കലവറ.

കാർബോഹൈഡ്രേറ്റ് , നാരുകൾ, വിറ്റമിൻ എ, സി എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. ചക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഉത്തമം. എല്ലാത്തിനും ഉപരി കൊളസ്‌ട്രോൾ രഹിതവും. വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് അനയോജ്യമാണ്. മറ്റു ഫലവർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കും.