chineese-plane-crash

ബീജിംഗ്: കഴിഞ്ഞ 21 ന് ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് തകർന്നു വീണ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഓഫ് ചൈനയുടെ (സിഎഎസി) ഡെപ്യൂട്ടി ഡയറക്ടർ ഹു ഷെൻജിയാംഗ് സ്ഥിതീകരിച്ചു. ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 എന്ന വിമാണ് തകർന്നു വീണത്.

അപകടത്തിൽ ആർക്കും രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. 123 യാത്രക്കാരും 9 ജീവനക്കാരും ഉൾപ്പടെ 132 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഡിഎൻഎ പരിശോധനയിലൂടെ 120 പേരെ തിരിച്ചറിഞ്ഞെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 01.11 ഓടെ കുൻമിംഗിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചതിരിഞ്ഞ് 3.05 ന് ഗ്വാംഗ്ഷൂവിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, 2.22ന് ശേഷം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.

തിരച്ചിലിൽ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്താനായെങ്കിലും ഇതുവരെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡർ കണ്ടെത്താനായില്ല. വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡറിനായുള്ള തിരച്ചിൽ തുടരുകയാണ്.