honda

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 30 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ച് 21-ാം വർഷമാണ് ഈ നേട്ടം.
നിരത്തുകളിൽ വൻ തരംഗം അലയടിപ്പിച്ച് 2001ൽ ആക്‌ടീവയുമായാണ് ഹോണ്ട ഇന്ത്യയിൽ നിർമ്മാണത്തിന് തുടക്കമിട്ടത്. 2016ലാണ് കമ്പനി കയറ്റുമതിയിൽ 15 ലക്ഷം യൂണിറ്റുകളെന്ന പൊൻതൂവൽ ചൂടിയത്.
തുടർന്നുള്ള അഞ്ചുവർഷത്തിൽ കയറ്റുമതി ഇരട്ടിയോളം വർദ്ധിപ്പിച്ച് 30 ലക്ഷം യൂണിറ്റുകളെന്ന കിരീടവും ഹോണ്ടയണിഞ്ഞു. നിർമ്മാണ നിലവാരത്തിലും ഉപഭോക്തൃവിശ്വാസ്യത ഉറപ്പാക്കുന്നതിലും കമ്പനി വച്ചുപുലർത്തുന്ന അർപ്പണബോധമാണ് ഈ നേട്ടം കൊയ്യാൻ സഹായിച്ചതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സി.ഇ.ഒയുമായ അത്‌സുഷി ഒഗാത പറഞ്ഞു.