rape-case

ചെന്നൈ: കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. രാമനാഥപുരത്ത് സായൽകുടിക്ക് സമീപം മുക്കൈയൂർ ബീച്ചിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കേസിൽ കമുതി സ്വദേശികളായ പത്മേശ്വരൻ (24), സുഹൃത്തുക്കളായ ദിനേശ്‌കുമാർ (24), അജിത്ത് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിരുദുനഗർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് പീഡനത്തിനിരയായത്. യുവതിയും കാമുകനും ബീച്ചിലെത്തിയതായിരുന്നു. ഈ സമയം ബീച്ചിൽ ആരുമില്ലായിരുന്നു. കാമുകനെ കെട്ടിയിട്ട ശേഷം പ്രതികൾ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

അവിടെനിന്ന് യുവതിയും കാമുകനും രക്ഷപ്പെട്ട് വിരുദുനഗറിൽ തിരിച്ചെത്തിയെങ്കിലും ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇതിനിടെ കാമുകൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസിനോട് നടന്നതെല്ലാം കാമുകൻ തുറന്നുപറഞ്ഞു. ശേഷം യുവതി പൊലീസിൽ രേഖാമൂലവും പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുള്ള സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്യാൻ ചെന്നപ്പോൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികൾ വെട്ടിപ്പരിക്കേൽപിച്ചു. സാഹസികമായാണ് മൂവരെയും കീഴ്‌പ്പെടുത്തിയത്.