
സിംഗപ്പൂർ: നമ്മുടെ കൊച്ചുകേരളത്തിൽ ശല്യമായി പറയാറുളളത് അലഞ്ഞുനടക്കുന്ന തെരുവ് നായ്‌ക്കളെയാണ്. മറ്റ് ചില സംസ്ഥാനങ്ങളിൽ കന്നുകാലികളാണ് ഈ പ്രശ്‌നക്കാർ. എന്നാൽ സിംഗപ്പൂരിലെ ഒരു നഗരത്തിൽ ഇവയൊന്നുമല്ല കോഴികളാണ് പ്രശ്‌നക്കാർ. കോഴികൾ മൂലം എന്ത് ശല്യമെന്ന് ചിന്തിക്കുന്നവർക്ക് ഈ പ്രദേശത്തെ പ്രശ്‌നങ്ങൾ മനസിലാകുമ്പോൾ കാര്യം പിടികിട്ടും. കോഴികളുടെ എണ്ണം കൂടിയതോടെ സിംഗപൂരിൽ സിൻ മിംഗ് കോർട്ടിൽ വഴിയിൽ മനുഷ്യരെക്കാൾ കൂടുതൽ കോഴികളാണുളളത്.
കോഴികളുടെ എണ്ണം മാത്രമല്ല അവയുടെ തൂവലുകളും കാഷ്‌ഠവും വഴിനിറയെയുണ്ട്. മാത്രമല്ല പാതിരാത്രിയിൽ പോലും ഉറക്കെ കൂവി ഉറക്കം കളയുന്നതായും ആളുകളുടെ മുന്നിലും പിന്നിലും കൂസലില്ലാതെ നടക്കുന്നെന്നും ചില പ്രദേശവാസികൾ പരാതിപറയുന്നുണ്ട്. പരാതികൾ വളരെ കൂടുതലായതോടെ ഇവയുടെ സംഖ്യ നിയന്ത്രിക്കാൻ തന്നെ അധികൃതർ തീരുമാനിച്ചു. ഇവയിലെ നഗരത്തിലെ 80 സെലെറ്റർ വെസ്‌റ്റ് ഫാംവെയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇവയെ പിടികൂടാൻ ടാസ്‌ക് ഫോഴ്‌സുണ്ട്. ചിലർ പിടിക്കാൻ കെണി വയ്‌ക്കുകയും ആഹാരം കൊടുക്കാതിരിക്കാനായി പരസ്യബോർഡ് സ്ഥാപിക്കുകയും ചെയ്‌തു.
കോഴികൾ എന്നാൽ അത്ര വലിയ പ്രശ്‌നക്കാരല്ല എന്ന അഭിപ്രായക്കാരും നഗരത്തിലുണ്ട്. കോഴികൾ നാല്-അഞ്ച് മണിയാകുമ്പോൾ കൂവി ഉണർത്തുകയാണ് ചെയ്യുന്നതെന്നും ഇവയെക്കാൾ ബഹളമുളള വാഹനങ്ങൾ ഈ നഗരത്തിലുണ്ടെന്നും ചിലർ പറയുന്നു. എന്തായാലും അലഞ്ഞുനടക്കുന്ന കോഴികളെ നിയന്ത്രിക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.