
'ഒരുത്തീ' സിനിമയുടെ പ്രസ് മീറ്റിനിടെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ടുള്ള നടൻ വിനായകന്റെ പരാമർശത്തിനെതിരെ സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നും രൂക്ഷവിമർശനമുയർന്നിരുന്നു. നവ്യാ നായരുടെ മുന്നിൽ വച്ചായിരുന്നു നടന്റെ പരാമർശം. എന്നാൽ നവ്യ ഇതിനെതിരെ പ്രതികരിച്ചില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.
അന്നത്തെ ദിവസം നടന്ന സംഭവങ്ങൾക്ക് ക്ഷമ ചോദിച്ചാൽ പ്രശ്നം തീരുമെങ്കിൽ താൻ അതിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നവ്യയിപ്പോൾ.വിനായകന്റെ മീ ടൂ പരാമർശം തെറ്റായിപ്പോയി. വിവാദ പരാമർശങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താനും ക്രൂശിക്കപ്പെട്ടുവെന്നും നടി പറയുന്നു. ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയേയാണ് ക്രൂശിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
'അന്നുണ്ടായ മുഴുവൻ സംഭവത്തിനും ഞാൻ ക്ഷമ ചോദിച്ചാൽ പ്രശ്നം തീരുമെങ്കിൽ എല്ലാവരോടും പൂർണമനസോടെ ക്ഷമ ചോദിക്കുന്നു. പിന്നെ നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമെന്താണെന്നറിയോ, അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. അവിടെ എത്ര പുരുഷന്മാരുണ്ടായിരുന്നു, നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്റെയടുത്താണ്.
ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരുത്തീ എന്ന സിനിമ ഒരുപാട് കുടുംബശ്രീ പ്രവർത്തകർക്കൊപ്പം കാണാനാണ്. ഈ സിനിമയാണ് ഞങ്ങളുടെ ടീമിനും പറയാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് സിനിമയിൽ പറയുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങനെ എത്തുന്നുവെന്നാണ് സിനിമയിലൂടെ കാണിക്കുന്നത്. പത്ത് കൊല്ലത്തിന് ശേഷമാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ഇതിന്റെയൊരു സന്തോഷം ആഘോഷിക്കാൻ ദയവ് ചെയ്ത് സമ്മതിക്കണം. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കരുത്.